കൊച്ചി– മലയാള സിനിമി അഭിനേതാക്കളുടെ സംഘടനയായ അസ്സോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് അഥവാ അമ്മയുടെ നേതൃത്വ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരം കനക്കുന്നു. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ആണ് താരങ്ങൾ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഇന്നസെന്റിന്റെ മരണാനന്തരം തുടർച്ചയായി മോഹൻലാൽ എതിരില്ലാതെ ജയിച്ചുവരികയായിരുന്നു. എന്നാൽ ഇക്കുറി മോഹൻലാൽ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിക്കാതോടെയാണ് മത്സരം കനത്തത്.
പ്രമുഖ നടി ശ്വേത മേനോൻ, നടൻ ജഗദീഷ്, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് പ്രസിഡന്റ് പദത്തിലേക്ക് പത്രിക സമർപ്പിച്ചിട്ടുള്ളത്. എന്നാൽ പ്രസിഡന്റ് സ്ഥാനത്തേക്കും ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും പത്രിക സമർപ്പിച്ച നടൻ ജോയ് മാത്യുവിന്റെ പത്രികയിൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളിയതായി സൂചനയുണ്ട്. നടൻ ബാബുരാജ് ആണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നൽകിയ മറ്റൊരാൾ. നടി അൻസിബ ഹസൻ ആണ് ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.
അമ്മയുടെ നേതൃപദവിയിലേക്ക് മത്സരിക്കാനായി ഇതുവരെ ലഭിച്ചത് 73 ഓളം പത്രികകളാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നൽകിയവരിൽ പലരും മറ്റ് സ്ഥാനങ്ങളിലേക്കും മത്സരിക്കുന്നതിനായി പത്രിക നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. പത്രിക പിൻവലിക്കുന്നതിനായുള്ള അവസാന ദിവസമായ ജൂലൈ 31ന് തന്നെയായിരിക്കും മത്സരാർത്ഥികളുടെ അന്തിമ പട്ടിക പുറത്ത് വരുന്നത്. സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 ന് ആയിരിക്കും വോട്ടെടുപ്പും ഫലപ്രഖ്യാപനവും.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം നടക്കുന്ന ആദ്യ അമ്മയുടെ തിരഞ്ഞെടുപ്പാണെന്നുതും, അതിൽ പ്രമുഖയായ നടിമാർ അടക്കം മത്സര രംഗത്തേക്ക് വരുന്നുവെന്നതും ഇത്തവണത്തെ മത്സരത്തിന്റെ പ്രത്യേകതയാണ്. ഹേമ കമ്മിറ്റിക്ക് അനുകൂലമായി സംസാരിക്കുകയും നടിമാർക്ക് വേണ്ടി നിലകൊള്ളുകയും ചെയ്ത നടൻ ജഗദീഷും മത്സരരംഗത്തുള്ളതിനാൽ മത്സരം കനക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമക്ക് അകത്തും പുറത്തും വലിയ ചർച്ചകൾക്ക് ആണ് വഴിവെച്ചത്.