കൊച്ചി – പുതിയ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാന്‍ എറണാകുളം സബ് കോടതി ഉത്തരവ്. അരൂര്‍ സ്വദേശി സിറാജിന്റെ പരാതിയിലാണ് കോടതി നടപടി. സിനിമ നിര്‍മ്മിക്കാന്‍ ഏഴ് കോടി മുടക്കിയിട്ടും മുടക്ക് മുതലും ലാഭവിഹിതം നല്‍കിയില്ലെന്നാണ് പരാതി
സംഭവകഥയെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തില്‍ മാത്രമല്ല, മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നെല്ലാം മികച്ച കളക്ഷന്‍ നേടിയെടുത്തിട്ടുണ്ട്. ഫെബ്രുവരി 22നാണു തിയറ്ററുകളിലെത്തിയ ചിത്രം ഇതുവരെ 230 കോടിയിലേറെ കളക്ട് ചെയ്‌തെന്നാണ റിപ്പോര്‍ട്ട്. തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്‌നാട്ടില്‍ 50 കോടി നേടുന്ന ആദ്യ ഇതരഭാഷാ ചിത്രമായും മഞ്ഞുമ്മല്‍ ബോയ്‌സ് മാറി. തെലുങ്കില്‍ മൊഴി മാറ്റിയെത്തിയ ചിത്രം അവിടെ ദിവസവും ഒരു കോടിയിലേറെ കളക്ട് ചെയ്യുന്നുമുണ്ട്. വന്‍ കളക്ഷന്‍ നേടിക്കൊണ്ടിരിക്കുമ്പോഴാണ് സിനിമയുടെ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. സിനിമയ്ക്കായി താന്‍ 7 കോടി രുപ മുടക്കിയിട്ടുണ്ട്. എന്നാല്‍ ചിത്രം വലിയ മുന്നേറ്റം നടത്തിയിട്ടും ലാഭവിഹിതമോ മുടക്ക് മുതലോ നല്‍കിയില്ലെന്നാണ് സിറാജ് പരാതിയില്‍ പറയുന്നത്. അക്കൗണ്ട് മരവിപ്പിക്കാന്‍ ഉത്തരവിട്ടതിനോടൊപ്പം തന്നെ ചിത്രത്തിന്റെ നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.