ഹേമ കമ്മിറ്റി റിപോർട്ട് മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തിലേക്ക് വീണുകിട്ടിയ വലിയൊരു മസാലപ്പൊതിയായി മാറാതിരിക്കട്ടെയെന്നും നടി
കൊച്ചി: മലയാളത്തിന്റെ മഹാ നടന്മാരെയല്ല, മലയാളത്തിലെ ഒരു യുവ നടനെയാണ് തെലുങ്ക് സിനിമയിൽ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നതെന്ന് നടി ശ്രീയ രമേഷ്. ഇത് തന്റെ അനുഭവമാണ്. എനിക്കും ഏറ്റവും കൂടുതൽ കാണണമെന്ന് ആഗ്രഹമുള്ള ആ നടൻ ഫഹദ് ഫാസിലാണെന്നും നടി വെളിപ്പെടുത്തി.
തെലുങ്ക് ചിത്രങ്ങളിൽ അഭിനയിക്കാൻ പോകുമ്പോൾ അവിടെ 95 ശതമാനം പേരും ഫഹദിന്റെ ഫാൻസാണ്. ലാലേട്ടനെയോ മമ്മൂക്കയെയോ പോലും അവർ ചോദിക്കാറില്ല. അത്രയും ആരാധനയാണ് ഫഹദിനോട്. എനിക്കും അദ്ദേഹത്തെ എന്നെങ്കിലും നേരിൽ കാണാൻ സാധിക്കണമെന്നാണ് ആഗ്രഹമെന്നും നടി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന താരങ്ങളായ മമ്മൂക്കയോടും മോഹൻലാലിനുമൊപ്പം അഭിനയിക്കാൻ സാധിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. സിനിമയിലേക്ക് വളരെ അപ്രതീക്ഷിതമായാണ് ഞാൻ എത്തിയത്.
സിനിമയിലേക്ക് ക്ഷണം ലഭിച്ചപ്പോൾ ആദ്യം ഭയമുണ്ടായെങ്കിലും ഭർത്താവും കസിൻസുമെല്ലാം നല്ല പിന്തുണ നൽകി. സിനിമാ സെറ്റിലെത്തിയപ്പോൾ അവിടുത്തെ താരങ്ങൾ നൽകിയ പിന്തുണയും വലുതാണ്. പ്രത്യേകിച്ച്, തെലുങ്ക് ചിത്രങ്ങളിലെ അഭിനയം ഭയങ്കര കംഫർട്ടബ്‌ളായി തോന്നിയിട്ടുണ്ട്. അവർക്ക് മറ്റ് ഭാഷകളിൽ നിന്നുള്ള ആർട്ടിസ്റ്റുകളോട് ഏറെ ബഹുമാനമാണ്.
ലാലേട്ടനോടൊപ്പം ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഇനിയൊരു അവസരം കിട്ടിയാൽ മമ്മൂക്കയോടൊപ്പം അഭിനയിക്കണമെന്നുണ്ട്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ ഉർവശി ചേച്ചിയുടെ കഥാപാത്രം ആരും ചെയ്യാനാഗ്രഹിക്കുന്നതാണ്. പക്ഷേ, അത് അത്ര എളുപ്പമല്ല. ഞാൻ ചെയ്തിട്ടുള്ളതിൽ ലൂസിഫറിലെ ഗോമതി എന്ന കഥാപാത്രമാണ് ഏറ്റവും ഇഷ്ടം. ഒരുപാടുപേർ അതിലൂടെ എന്നെ തിരിച്ചറിയാൻ തുടങ്ങിയെന്നും അവർ പറഞ്ഞു.
മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തിലേക്ക് വീണുകിട്ടിയ വലിയൊരു മസാലപ്പൊതിയായി ഹേമ കമ്മിറ്റി റിപോർട്ട് മാറാതിരിക്കട്ടെ എന്ന ആശങ്കയും അവർ പങ്കുവെച്ചു. മൊത്തം ആളുകളെയും ഇൻഡ്‌സ്ട്രിയെ മൊത്തത്തിലും ചെളി വാരി എറിയുന്നതിനു പകരം സ്‌പെസിഫിക് ആയി കാര്യങ്ങൾ പറഞ്ഞ് കുറ്റക്കാരെ ശിക്ഷിക്കാനും ഇരകൾക്ക് നീതി ലഭ്യമാക്കാനുമാണ് നടപടി ഉണ്ടാവേണ്ടതെന്നും നടി ചൂണ്ടിക്കാട്ടി. ചില ഞരമ്പ് രോഗികളുടെ ഇറക്കം ഈ മേഖലയിൽ മാന്യമായി തൊഴിൽ ചെയ്ത് കുടുംബമായി ജീവിക്കുന്ന ഒരുപാട് പേരെ തെറ്റിദ്ധരിക്കാനിടയാക്കുമെന്നും അവർ ഓർമിപ്പിച്ചു.