തിരുവനന്തപുരം: ജീവിതത്തിൽ പിണറായി വിജയനെ പോലെ മറ്റൊരു രാഷ്ട്രീയ നേതാവിനെ താൻ കണ്ടിട്ടില്ലെന്ന് നടൻ വിജയ് സേതുപതി. അദ്ദേഹം വേദിയിലേക്ക് കടന്നുവരുമ്പോൾ ഒരു വലിയ ബഹളങ്ങൾ ഒന്നുമില്ലെന്നും, തങ്ങൾ ഒന്നിച്ചുണ്ടായിരുന്ന ഒരു വേദിയിൽ വെച്ച് തനിക്ക് ധാരാളം പ്രധാന്യം അദ്ദേഹം നൽകിയെന്നും സേതുപതി പറഞ്ഞു. മഹാരാജ സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരിക്കൽ ഒരു വേദിയിൽ വെച്ച് സ്റ്റേജിലേക്ക് കടന്നുവന്ന പിണറായി വിജയൻ സാർ എന്നോട് വിജയ്ക്ക് ഫ്ളൈറ്റിന് സമയമായല്ലേ എന്ന് ചോദിച്ചു. ഉണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് വിജയ് ആദ്യം പ്രസംഗിച്ചോളൂ എന്നാണ്. ഒരു സി എം ഇരിക്കുന്ന വേദിയിൽ എനിക്ക് അത്രത്തോളം പ്രാധാന്യം ലഭിച്ചപ്പോൾ വലിയ സന്തോഷമായി’, പ്രസ് മീറ്റിനിടെ വിജയ് സേതുപതി പറഞ്ഞു.