തിരുവനന്തപുരം– എസ്.എസ്.എല്‍.സി പരീക്ഷയില്‍ യോഗ്യത നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠന സാധ്യത ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. 2025 മെയ് 14 മുതല്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. പത്താം തരം പഠിച്ചിരുന്ന സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യമോ, പ്രദേശത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബോ ഉപയോഗിച്ച് അധ്യാപകരുടെ സഹായത്താലോ, സ്വന്തമായോ അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 20 ആണ്. ട്രയല്‍ അലോട്‌മെന്റ് മെയ് 24നാണ്.
ആദ്യ ഘട്ടത്തിലെ മൂന്ന അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി ജൂണ്‍ 18ന് ക്ലാസുകള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ക്ലാസുകള്‍ ആരംഭിച്ചത് ജൂണ്‍ 24നായിരുന്നു. മുഖ്യഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി ജൂലൈ 23ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.