മലയാളി വിദ്യാര്‍ത്ഥികളുടെ അറിവില്ലായ്മ ചൂഷണം ചെയ്ത് വിവിധ ഏജന്‍സികള്‍ കബളിപ്പിക്കുന്നതിന് കടിഞ്ഞാണിടാന്‍ കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ്. വിദേശ പഠനങ്ങള്‍ക്ക് വഴികാട്ടാനായി സ്റ്റുഡന്‍സ് മൈഗ്രേഷന്‍ പോര്‍ട്ടലുമായാണ് നോര്‍ക്ക രംഗത്തുവരുന്നത്. ‘സ്്റ്റുഡന്റ് മൈഗ്രേഷന്‍ പോര്‍ട്ടല്‍’ എന്ന പേരില്‍ ആരംഭിക്കുന്ന പോര്‍ട്ടല്‍ സ്റ്റാര്‍ടപ് മിഷന്റെ സഹായത്തോടെയാണ് നിലവില്‍ വരിക. പഠനത്തിന് പോകാനുദ്ധേശിക്കുന്ന രാജ്യത്തെ വിസ നിയമങ്ങള്‍, വിസ നിയന്ത്രണങ്ങള്‍, തൊഴില്‍ സാഹചര്യം, നിയമന സാധ്യതകള്‍ തുടങ്ങിയവയെല്ലാം പോര്‍ട്ടല്‍ വഴി മനസ്സിലാക്കാനാവും.
പോര്‍ട്ടല്‍ ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് നോര്‍ക്ക അറിയിച്ചു. പോര്‍ട്ടല്‍ ഒരുക്കുന്ന സ്റ്റാര്‍ടപ് കമ്പനിയെ തെരെഞ്ഞെടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണിപ്പോള്‍. 2023-ല്‍ രണ്ടര ലക്ഷം വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് ഉന്നത പഠനത്തിന് പോയത്. 2018-ല്‍ ഇത് 1.3 ലക്ഷം മാത്രമായിരുന്നു. കേര മൈഗ്രന്റ് സര്‍വേ പ്രകാരം എല്ലാ വര്‍ഷവും വിദേശ രാജ്യങ്ങളില്‍ ഉന്നത പഠനത്തിന് പോവുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. വിദേശ രാജ്യങ്ങളില്‍ മികച്ച പഠനാവസരങ്ങള്‍ ലഭിക്കുന്നതോടെ എളുപ്പത്തില്‍ ജോലി ലഭിക്കുമെന്ന് വ്യാമോഹിപ്പിച്ച് കബളിപ്പിക്കുന്ന ഏജന്‍സികളുടെ എണ്ണം അനുദിനം പെരുകുകയാണ്. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ഏജന്‍സികള്‍ നാട്ടിലും മറുനാട്ടിലും വ്യാപകമാണിപ്പോള്‍. ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവരും വിവിധ കേസുകളുമായി മുന്നോട്ടുപോവുന്നവരും നിരവധി പരാതികളാണ് അധികൃതര്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ചത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് പോര്‍ട്ടല്‍ കൊണ്ടുവരാനുള്ള നോര്‍ക്ക നീക്കം.



