ഡെൻവർ: കനേഡിയൻ അസോസിയേഷൻ ഓഫ് ഫിസിസ്റ്റ് ഫൗണ്ടേഷനും അമേരിക്ക ആസ്ഥാനമായുള്ള ഒപ്ടിക ഫൗണ്ടേഷനും ചേർന്ന് ഭൗതിക ശാസ്ത്രജ്ഞനായ ബോറിസ് പി. സ്‌ടോയ്ഷെഫിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡ് നേടി മലയാളി ഗവേഷക വിദ്യാർത്ഥിനി. കാലിക്കറ്റ് എൻ.ഐ.ടി ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിലെ ഗവേഷകയാണ് ഹസന ജഹാൻ ഏലംകുളവൻ.
അമേരിക്കയിലെ ഡെൻവറിൽ വെച്ച് നടന്ന ഫ്രോണ്ടിയർ ഇൻ ഒപ്റ്റിക്സ് അന്താരാഷ്ട്ര സമ്മേളനത്തിൽ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെയും അക്കാദമിഷ്യൻസിന്റെയും ഗവേഷകരുടെയും ശാസ്ത്ര വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ വെച്ചാണ് അവാർഡ് വിതരണം ചെയ്തത്. അക്കാദമിക ഗവേഷണ രംഗത്തെ മികവ്, ശാസ്ത്ര അവബോധം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, സാമൂഹിക സേവനവും നേതൃപാടവവും എന്നിവയെല്ലാം ഒരുമിച്ച് അവാർഡിന് തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡമാക്കും. ഭൗതിക ശാസ്ത്രം, രസതന്ത്രം, മെഡിക്കൽ ഫിസിക്സ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് എന്നീ മേഖലയിലുള്ളവരെല്ലാം അവാർഡിന് പരിഗണിക്കാറുണ്ട്. ഈ അവാർഡ് നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഹസന.
ഭൗതിക ശാസ്ത്രത്തിലെ ഒപ്റ്റിക്സ് മേഖലയിലാണ് ഹസന ജഹാൻ നിലവിൽ ഗവേഷണം നടത്തുന്നത്. 2024-ൽ ജപ്പാനിൽ നടന്ന ഒപ്റ്റിക്കൽ ലേസർ കോൺഗ്രസിൽ, ‘ഒപ്റ്റിക്സ് എമർജിംഗ് ഇക്കോണമി’ പേപ്പർ പ്രൈസ് ഇവർ കരസ്ഥമാക്കിയിരുന്നു. ഒക്ടോബർ 25 മുതൽ 30 വരെയായിരുന്നു സമ്മേളനം. ഇതേസമയം തന്നെ ഡെൻവറിൽ വെച്ച് നടക്കുന്ന ഒപ്ടിക്ക സ്റ്റുഡന്റ് ലീഡർഷിപ്പിൽ പങ്കെടുക്കാനുള്ള അവസരവും ഹസനാ ജഹാന് ലഭിച്ചിരുന്നു. നൂറോളം രാജ്യങ്ങളിൽ നിന്നായി തിരഞ്ഞെടുക്കുന്ന ശാസ്ത്ര വിദ്യാർത്ഥികൾക്കാണ് ഇതിൽ പങ്കെടുക്കാനാവുക. ഇതിൽ ഒരാളായാണ് ഹസന ജഹാൻ ലീഡർഷിപ്പ് പ്രോഗ്രാമിലും പങ്കെടുത്തത്. അവാർഡ് നേടുന്നതിലൂടെ പ്രശസ്തി പത്രവും 3000 യുഎസ് ഡോളർ സ്കോളർഷിപ്പും ഭൗതികശാസ്ത്ര ഗവേഷണ രംഗത്ത് മറ്റ് മികച്ച അവസരങ്ങളുമാണ് തേടിയെത്തിയിരിക്കുന്നത്. കാലിക്കറ്റ് എൻ.ഐ.ടി ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിലെ പ്രൊഫസർ ചന്ദ്രശേഖരൻ കേളോത്തിന്റെ കീഴിലാണ് ഗവേഷണം നടത്തുന്നത്. ഏഷ്യയിൽ നിന്നും ഈ അവാർഡ് നേടുന്ന ആദ്യ വനിതയാണ് ഹസന ജഹാൻ. എൻ.ഐ.ടി ഒപ്ടിക സ്റ്റുഡൻ്റ് ചാപ്റ്റർ സ്ഥാപകയും ചെയർപേഴ്സണും കൂടിയാണ് ഹസന ജഹാൻ.
കുടുംബം: പിതാവ്: മുഹമ്മദ് കോയ ഏലംകുളവൻ (റിട്ട. അധ്യാപകൻ) മാതാവ്: ആബിദ കൊക്കരണി സഹോദരി: ഡോ. ഹന്ന ജഹാൻ ഭർത്താവ്: ഇർഷാദ് (കോട്ടപ്പുറം യൂണിവേഴ്സിറ്റി ഫോക്‌ലോർ വിഭാഗത്തിൽ ഗവേഷകൻ) മക്കൾ: ഐവിൻ ഇഷ്ക്, ഐലൻ റൂഹ്.



