തിരുവനന്തപുരം– സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് ഹൈസ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സിൽ അംഗമാവാം. നിലവിലുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിൽ അംഗത്വത്തിനായി എട്ടാംക്ലാസുകാർക്ക് ജൂൺ 12 വരെ അപേക്ഷിക്കാനാകും. തിരഞ്ഞെടുക്കാനുള്ള അഭിരുചിപരീക്ഷ സംസ്ഥാനതലത്തിൽ 18-ന് നടക്കും. സ്കൂളുകളിൽനിന്ന് ലഭിക്കുന്ന അപേക്ഷ പ്രഥമാധ്യാപകർക്കാണ് നൽകേണ്ടത്.
അഭിരുചിപരീക്ഷ

കമ്പ്യൂട്ടർ സോഫ്റ്റവയർ പരീക്ഷയിലൂടെ ആയിരിക്കും അംഗങ്ങളെ തിരഞ്ഞെടുക്കുക. അരമണിക്കൂർ ദൈർഘ്യം വരുന്ന പരീക്ഷയായിരിക്കും വിദ്യാർത്ഥികൾ അഭിമുഖീകരിക്കേണ്ടി വരിക. അഭിരുചിപരീക്ഷയിൽ ലോജിക്കൽ-ഗണിതം, പ്രോഗ്രാമിങ്, അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്നായിരിക്കും ചോദ്യം ഉണ്ടായിരിക്കുന്നത്. പരീക്ഷാർത്ഥികൾക്കായി 12,13,14 ദിവസങ്ങളിൽ പ്രത്യേക ക്ലാസ്സുകൾ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യും. രാവിലെയും വൈകീട്ടും ഏഴുമണിക്കായിരിക്കും പ്രത്യേക ക്ലാസ്സുകൾ ഉണ്ടായിരിക്കുക എന്ന് വിക്ടേഴ്സ് ചാനൽ സി.ഇ.ഒ അൻവർ സാദത്ത് അറിയിച്ചു.
അംഗങ്ങളായാലുള്ള നേട്ടങ്ങൾ

റോബോട്ടിക്സ്, ആനിമേഷൻ, മലയാളം കംപ്യൂട്ടിങ്, സൈബർസുരക്ഷ, മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, ഇ-ഗവേണൻസ്, ഹാർഡ്വേർ തുടങ്ങിയ വിവിധങ്ങളായ മേഖലകളിൽ അംഗങ്ങൾക്ക് പരിശീലനം നൽകും. പുതിയതായി യൂണിറ്റുകൾക്ക് വിതരണംചെയ്തിട്ടുള്ള ആർഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയുള്ള റോബോട്ടിക്സ് പ്രവർത്തനങ്ങളും ബ്ലെൻഡർ സോഫ്റ്റ്വേർ പ്രയോജനപ്പെടുത്തിയുള്ള ത്രീഡി ആനിമേഷൻ തയ്യാറാക്കൽ തുടങ്ങിയവ ഈവർഷത്തെ പ്രധാന പ്രവർത്തനങ്ങളായിരിക്കും.
സ്കൂൾപ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്നവർക്ക് പത്താംക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്. കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവുംവലിയ ഐടി കൂട്ടായ്മയായ ‘ലിറ്റിൽ കൈറ്റ്സ്’ ഐടി ക്ലബ്ബിൽ ഇതുവരെ 4.9 ലക്ഷം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. വിവരങ്ങൾക്ക്: www.kite.kerala.gov.in