ലക്നൗ: ലക്നൗ ഖാജാ മുഈനുദ്ദീൻ ചിശ്തി ലാംഗ്വേജ് യൂണിവേഴ്സിറ്റിയുമായി (KMCLU) ചേർന്ന് വിവിധ ഭാഷാ-അക്കാദമിക് വിനിമയ പദ്ധതികൾ നടപ്പിലാക്കാൻ മഅ്ദിൻ അക്കാദമി ധാരണയായി. മഅ്ദിൻ മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഉത്തർപ്രദേശിൽ പര്യടനം നടത്തുന്ന ‘ഖോജ് സഫർ’ പ്രതിനിധി സംഘം സർവ്വകലാശാലാ വൈസ് ചാൻസലർ പ്രൊഫ. അജയ് തനേജയുമായി നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
പദ്ധതിയുടെ ഭാഗമായുള്ള ഔദ്യോഗിക സഹകരണ കരാറിൽ (MoU) മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഒപ്പുവെക്കും.
ആഗോളതലത്തിൽ പുതിയ ഭാഷകൾ പഠിക്കുന്നതിനും ഉന്നതവിദ്യാഭ്യാസ അവസരങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനുമായി മഅ്ദിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ലാംഗ്വേജ് അക്കാദമികളുടെയും പഠനകേന്ദ്രങ്ങളുടെയും പ്രവർത്തനം വിസി പ്രൊഫ. അജയ് തനേജ പ്രത്യേകം വിലയിരുത്തി.
കേരളത്തിൽ സ്പാനിഷ് ഭാഷാ പഠനത്തിനായി ആദ്യമായി ആരംഭിച്ച മഅ്ദിൻ സ്പാനിഷ് അക്കാദമി, ജർമൻ ഭാഷാ പഠനകേന്ദ്രം, ദുബായ് ഭരണാധികാരിയുടെ ‘വേൾഡ് അറബിക് റീഡിങ് ചലഞ്ചിൽ’ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന അറബിക് അക്കാദമി, ഹൈദരാബാദ് മൗലാനാ ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റിയുടെ ബിരുദ-ബിരുദാനന്തര കോഴ്സുകൾ ലഭ്യമാക്കുന്ന സെന്റർ എന്നിവയുടെ പ്രവർത്തനങ്ങൾ സർവ്വകലാശാലാ അധികൃതർക്ക് മുന്നിൽ വിശദീകരിച്ചു. ഈ രംഗത്തെ മഅ്ദിന്റെ അനുഭവസമ്പത്ത് യൂണിവേഴ്സിറ്റിയുമായുള്ള സഹകരണത്തിന് വലിയ കരുത്താകുമെന്ന് വിസി പ്രത്യാശ പ്രകടിപ്പിച്ചു.
വിദേശഭാഷാ പഠനരംഗത്ത് മഅ്ദിൻ കൈവരിച്ച മികവിന്റെ തെളിവായി, സ്ഥാപനത്തിന് കീഴിൽ ചൈനീസ് ഭാഷ അഭ്യസിച്ച മുഹമ്മദ് ആഷിഖ് അദനി അടുത്തിടെ യു.ജി.സി ജെ.ആർ.എഫ് (JRF) കരസ്ഥമാക്കിയ നേട്ടവും കൂടിക്കാഴ്ചയിൽ പ്രതിപാദിക്കപ്പെട്ടു. വിദേശഭാഷാ കോഴ്സുകളിലെ ഇത്തരം ഉന്നത നിലവാരത്തെ സർവ്വകലാശാലാ അധികൃതർ പ്രത്യേകം പ്രശംസിച്ചു.
ഇന്ത്യയിലുടനീളം പര്യടനം നടത്തുന്ന ‘ഖോജ് സഫർ’ പ്രതിനിധി സംഘം രാജ്യത്തെ പ്രമുഖ സർവ്വകലാശാലകളിൽ സന്ദർശനം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി നേരത്തെ ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ, അലീഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിവിധ വകുപ്പ് മേധാവികളുമായും അധ്യാപകരുമായും കൂടിക്കാഴ്ച നടത്തുകയും പ്രധാനപ്പെട്ട അക്കാദമിക് ധാരണകളിൽ എത്തുകയും ചെയ്തിരുന്നു.
കൂടിക്കാഴ്ചയിൽ ഖോജ് സഫർ ക്യാപ്റ്റൻ സയ്യിദ് അഹ്‌മദുൽ കബീർ അൽ ബുഖാരി, വൈസ് ക്യാപ്റ്റൻ ബഷീർ സഅദി വയനാട്, സർവ്വകലാശാലാ അറബിക് ഡിപ്പാർട്ട്മെന്റ് തലവൻ പ്രൊഫ. മസൂദ് ആലം, ഇമാർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ കോ-ഓർഡിനേറ്റർ വാഹിദ് മുഈനി, ഖോജ് സഫർ കൺവീനർ മുഹമ്മദ് ജുനൈദ് അദനി, അൽ വാരിസിയ്യ ഡെലിഗേഷൻ നജ്മുൽ ഹസൻ ലക്നൗ, മഅ്ദിൻ എംബ്രേസ് ഗ്ലോബൽ സെക്രട്ടറി ഹാഫിള് നസീം അദനി എടക്കര തുടങ്ങിയവർ സംബന്ധിച്ചു.







