പ്ലസ്‌ടുവിന് ശേഷം ഇന്ത്യയിലെ ശ്രദ്ധേയ സ്ഥാപനങ്ങളിൽ പ്രവാസി വിദ്യാർഥികൾക്ക് പഠനാവസരം ലഭിക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സവിശേഷ പദ്ധതിയായ ഡയറക്ട് അഡ്മിഷൻ ഓഫ് സ്റ്റുഡന്റസ് അബ്രോഡ് (‘ഡാസ’ 2025) ന് ഓഗസ്ത് 3 വരെ https://dasanit.org/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
സ്ഥാപനങ്ങൾ നിരവധി
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടികൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടികൾ), മറ്റു പ്രീമിയർ സ്ഥാപനങ്ങൾ, സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ, എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളിലാണ് പ്രവേശനത്തിനവസരം. കോഴിക്കോട് എൻ.ഐ.ടി, കോട്ടയത്തുള്ള ഐ.ഐ.ഐ.ടി എന്നിവ ‘ഡാസ’ വഴി പ്രവേശനം ലഭിക്കുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളാണ്. ഡൽഹി ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് മാനുഫാക്ച്ചറിങ്ങ് ടെക്‌നോളജി (റാഞ്ചി), ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റി, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി, പുതുച്ചേരി ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റി എന്നിവ മറ്റു പ്രീമിയർ സ്ഥാപനങ്ങളിൽ പെടുന്ന ചിലതാണ്.
ബി.ടെക് മാത്രമല്ല, കോഴ്‌സുകൾ വേറെയും
വിവിധ ബ്രാഞ്ചുകളിലായുള്ള എൻജിനീയറിങ് ബിരുദ പ്രോഗ്രാമുകൾക്ക് പുറമെ അഞ്ചു വർഷം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് എം.ടെക്, ഇന്റഗ്രേറ്റഡ് എം.ബി.എ (ബി.ടെക്+എം ബിഎ), ബാച്ചിലർ ഓഫ് ആർക്കിടെക്ച്ചർ, ബാച്ചിലർ ഓഫ് പ്ലാനിങ് എന്നിങ്ങനെ ഒട്ടനവധി കോഴ്‌സുകളിലെ പ്രവേശനത്തിനാണ് അവസരമുള്ളത്. റൂർക്കേല എൻഐടിക്കാണ് ഇത്തവണത്തെ പ്രവേശന നടത്തിപ്പ് ചുമതല. 2025 ലെ ജെഇഇ മെയിൻ പരീക്ഷയിൽ യോഗ്യത നേടിയവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.
ഗൾഫ് വിദ്യാർത്ഥികൾക്ക് സിഐഡബ്ള്യുജി
സാർക്ക്, നോൺ സാർക്ക് രാജ്യങ്ങളിലെ കുട്ടികൾക്ക് ‘ഡാസ’ വഴി നേരിട്ടപേക്ഷിക്കാം. പ്ലസ്ടു വരെയുള്ള പഠന കാലത്തിനിടക്ക് അവസാന 8 വർഷത്തിനിടെ രണ്ട് വർഷമെങ്കിലും വിദേശത്ത് പഠിച്ചിരിക്കുകയും പ്ലസ്‌ടു പരീക്ഷ വിദേശത്തിരുന്ന് വിജയിച്ചിരിക്കണമെന്ന നിബന്ധനയുമുണ്ട്. ജെഇഇ മെയിൻ 2025 ലെ റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ് ബഹ്റൈൻ, ഇറാഖ്, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കു ചിൽഡ്രൻ ഓഫ് ഇന്ത്യൻ വർക്കേഴ്സ് ഇൻ ഗൾഫ് കൺട്രി (സി.ഐ.ഡബ്ള്യു.ജി) എന്ന സ്കീം വഴിയും അപേക്ഷിക്കാം. ‘ഡാസ’ കാറ്റഗറിയിലെ മൊത്തം സീറ്റുകളിലെ മൂന്നിലൊന്ന് സീറ്റുകളാണ് സിഐഡബ്ള്യുജി വിഭാഗത്തിൽ ഉൾപ്പെടുന്നത് ഈ കാറ്റഗറിയിലെ സീറ്റുകളുടെ പ്രവേശനത്തിന് അപേക്ഷിക്കണമെങ്കിൽ രക്ഷിതാക്കളിൽ ഒരാളെങ്കിലും ഈ രാജ്യങ്ങളിൽ ഏതിലെങ്കിലും 2025ലെ ഏതെങ്കിലും തിയതി വരെ ജോലി ചെയ്യുന്നവരായിരുന്നിരിക്കണം.
യോഗ്യത ശ്രദ്ധിക്കണം
മാത്തമാറ്റിക്സ് ഫിസിക്സ് എന്നിവയും കെമിസ്ട്രി, ബയോടെക്‌നോളജി, കംപ്യൂട്ടർ സയൻസ്, ബയോളജി എന്നിവയിൽ ഏതെങ്കിലുമൊരു വിഷയവുമെടുത്ത് 75% മാർക്കോടെ പ്ലസ്ടു വിജയിച്ചവർക്കാണ് അപേക്ഷിക്കാനവസരം. മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവക്ക് പുറമെ കെമിസ്ട്രി, ബയോ ടെക്‌നോളജി, കമ്പ്യൂട്ടർ സയൻസ്, ബയോളജി എന്നിവയിലുമൊരു വിഷയവുമെടുത്ത് പഠിച്ച് 75 ശതമാനം മാർക്കോടെ പ്ലസ്‌ടു ജയിച്ചിരിക്കണം. ബാച്ചിലർ ഓഫ് ആർക്കിടെക്ച്ചർ കോഴ്‌സ് പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളെടുത്ത് 75 ശതമാനം മാർക്കോടെ പ്ലസ്‌ടു വിജയിച്ചിരിക്കണം. പത്ത് കഴിഞ്ഞതിന് ശേഷം മാത്തമാറ്റിക്സ് ഒരു വിഷയമായെടുത്ത് വിദേശത്ത് വെച്ച് 3 വർഷ ഡിപ്ലോമ കഴിഞ്ഞവർക്കും അപേക്ഷിക്കാം മാത്തമാറ്റിക്സ് ഒരു വിഷയമായെടുത്ത് 75 ശതമാനം മാർക്കോടെ പ്ലസ്‌ടു ജയിച്ചവർക്ക് പ്ലാനിങ് കോഴ്‌സിന് അപേക്ഷ സമർപ്പിക്കാം.
ഡാസ, സിഐഡബ്ള്യുജി ഫീസ് വ്യത്യാസം ശ്രദ്ധിക്കണം
എൻഐടികൾ, ഐ.ഐ.ഇ.എസ്.ടി ശിബ്‌പൂർ എന്നിവിടങ്ങളിൽ സി.ഐ.ഡബ്ള്യു.ജി കാറ്റഗറിയിൽ പ്രവേശനം നേടുന്നവർ വാർഷിക ട്യൂഷൻ ഫീസായി 1,25,000 രൂപയും ഒറ്റത്തവണ രെജിസ്ട്രേഷൻ ഫീസായി 300 ഡോളറും കൊടുക്കണം. മറ്റു സ്ഥാപനങ്ങളിൽ ബാധകമായ അധിക ഫീസ് കൊടുക്കേണ്ടി വരും. ഡാസ സ്‌കീമിൽ പ്രവേശനം നേടുന്നവർ ഉയർന്ന ഫീസ് കൊടുക്കണം. ഫീസ്ഘടന മനസ്സിലാക്കാൻ ചേരാനുദ്ദേശിക്കുന്ന സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് പരിശോധിക്കാം. മറ്റു വിശദ വിവരങ്ങൾ വെബ്സൈറ്റിലുള്ള പ്രോസ്പെക്ടസിലുണ്ട്.