എൽ.പി/യു.പി സ്‌കൂൾ തലങ്ങളിൽ അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർക്ക് ഡി.എൽ.എഡ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഹയർ സെക്കണ്ടറിക്ക് ശേഷം ചുരുങ്ങിയ കാലം പഠിച്ച് എൽ.പി/യു.പി സ്‌കൂൾ തലങ്ങളിൽ അധ്യാപനരംഗത്ത് ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കുള്ള അവസരമാണ് ഡി.എൽ.എഡ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ദ്വിവത്സര ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ പ്രോഗ്രാം.
കേരളത്തിലെ സർക്കാർ/എയിഡഡ്, സ്വാശ്രയ ടീച്ചർ ട്രെയ്നിങ് ഇൻസ്റ്റിട്യൂട്ടുകളിൽ നടത്തപ്പെടുന്ന ഡി.എൽ.എഡ് കോഴ്സ് പ്രവേശനത്തിന് ഓഗസ്റ്റ് 11 നു വൈകിട്ട് 5 വരെ അപേക്ഷിക്കാം.ഡി.എൽ.എഡ് യോഗ്യതയോടൊപ്പം അധ്യാപക എലിജിബിലിറ്റി ടെസ്റ്റ് കൂടി പൂർത്തിയാക്കുന്നവർക്കാണ് അധ്യാപകരാവാൻ അവസരമുണ്ടാവുക.
പ്രത്യേക വിജ്ഞാപനങ്ങൾ
സർക്കാർ/എയിഡഡ് സ്ഥാപങ്ങൾക്കും സ്വാശ്രയ സ്ഥാപങ്ങൾക്കും പ്രത്യേക വിജ്ഞാപനങ്ങളാണുള്ളത്. www.education.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഇവ ലഭ്യമാണ്.
പ്രവേശന യോഗ്യത
50 ശതമാനം മാർക്കോടെ പ്ലസ്‌ടു/തതുല്യ യോഗ്യത ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹത. ഒബിസി, പട്ടിക വിഭാഗം എന്നിവർക്ക് മാർക്ക് നിബന്ധനയിൽ ഇളവുണ്ട്. യോഗ്യതാ പരീക്ഷ വിജയിക്കാൻ 3 തവണയിൽ കൂടുതൽ എടുക്കാൻ പാടില്ല.
2025 ജൂലായ് ഒന്നിന് 17 വയസ്സിൽ കുറവോ 33 വയസ്സിൽ കൂടുതലോ ആകാൻ പാടില്ല. ചില സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. ആകെയുള്ള സീറ്റുകളിൽ സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങൾക്ക് യഥാക്രമം 40, 20 ശതമാനം എന്ന രീതിയിൽ ആയിരിക്കും സീറ്റ് അനുവദിക്കുക.
സ്വാശ്രയ സ്ഥാപനങ്ങളിലെ 50 ശതമാനം സീറ്റുകൾ മാനേജ്‌മെന്റ് ക്വട്ട ആയിരിക്കും. ഈ സീറ്റുകളിൽ പ്രവേശനം അതത് മാനേജർമാർ ആയിരിക്കും നടത്തുന്നത്. സർക്കാർ/എയിഡഡ് വിഭാഗത്തിലും സ്വാശ്രയ വിഭാഗത്തിലും ഓരോ റവന്യൂ ജില്ലയിലേക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ പാടുള്ളൂ.
സ്ഥാപനങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കണം.
ഡി.എൽ.എഡ് (ഹിന്ദി, അറബി, സംസ്‌കൃതം, ഉറുദു)
ഡി.എൽ.എഡ് (ഹിന്ദി, അറബി, സംസ്‌കൃതം, ഉറുദു) പൊതു ക്വാട്ട വിഭാഗത്തിലേയും ഡി.എൽ.എഡ് (ഹിന്ദി) സ്വാശ്രയ വിഭാഗത്തിലെയും പ്രവേശനത്തിന് നോട്ടിഫിക്കേഷനുകളും www.education.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ടത് ഇങ്ങനെ:
• സർക്കാർ/എയിഡഡ് വിഭാഗത്തിലെ പ്രവേശനത്തിന് 5 രൂപയും സ്വാശ്രയ വിഭാഗത്തിലെ പ്രവേശനത്തിന് 100 രൂപയുമാണ് അടക്കേണ്ടത്. പട്ടിക വിഭാഗക്കാർക്ക് ഫീസ് ഇല്ല.
• നിശ്ചിത ഫോറത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സർക്കാർ/എയിഡഡ് മേഖലയിൽ സ്ഥാപനങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ പ്രവേശനം തേടുന്ന വിദ്യാഭ്യാസ ഉപ ഡയറക്ടർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
• സ്വാശ്രയ സ്ഥാപനങ്ങളിലെ മെറിറ്റ് സീറ്റിൽ പ്രവേശനം ആഗ്രഹിക്കുന്നവർ അതത് റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഡയറക്ടർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
• എയിഡഡ്, സ്വാശ്രയ സ്ഥാപങ്ങളിലെ മാനേജ്‌മെന്റ് സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ അതത് മാനേജർക്ക് സമർപ്പിക്കണം, എയിഡഡ് സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് സീറ്റുകളിൽ അപേക്ഷിച്ചവർ അപേക്ഷയുടെ പകർപ്പ് ബന്ധപ്പെട്ട ജില്ലയിലെ വിദ്യഭ്യാസ ഉപ ഡയറക്ടർക്ക് സമർപ്പിക്കണം
• ഹയർ സെക്കണ്ടറി പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെയും മറ്റു രേഖകളുടെയും പകർപ്പുകൾ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം
• ഡി.എൽ.എഡ് (ഹിന്ദി, അറബി, സംസ്‌കൃതം, ഉറുദു) പൊതു ക്വാട്ട വിഭാഗത്തിലേയും ഡി.എൽ.എഡ് (ഹിന്ദി) സ്വാശ്രയ വിഭാഗത്തിലെയും പൊതു ക്വാട്ട വിഭാഗത്തിലെ പ്രവേശനത്തിനായി അപേക്ഷകൾ ആഗസ്ത് 11 ന് വൈകിട്ട് 5 മണിക്ക് മുമ്പായി പൊതു വിദ്യാഭ്യാസ ഡയറക്ടർ, പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനന്തപുരം എന്ന വിലാസത്തിൽ പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കണം.
• ഡി.എൽ.എഡ് (ഹിന്ദി) കോഴ്‌സിനുള്ള സ്വാശ്രയ സ്ഥാപനങ്ങളിലെ 50% മെറിറ്റ് സീറ്റിലെ പ്രവേശനത്തിനും പൊതു വിദ്യഭ്യാസ ഡയറക്ടർക്കാണ് അപേക്ഷ നൽകേണ്ടത്. ശേഷിക്കുന്ന 50% മാനേജ്‌മെന്റ് സീറ്റിലെ പ്രവേശനത്തിന് അതത് സ്ഥാപനങ്ങളിലെ പ്രിൻസിപ്പാളിനാണ് അപേക്ഷ സമർപ്പിക്കേണ്ടത്