ന്യൂ ഡൽഹി– വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും കൂടുതൽ കാര്യക്ഷമമാക്കാനായി, സ്കൂളുകളിൽ ശബ്ദം റെക്കോർഡ് ചെയ്യാൻ ശേഷിയുള്ള സിസിടിവികൾ സ്ഥാപിക്കണമെന്ന നിർദേശവുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ)
സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന എല്ലാ സ്‌കൂളുകളുടെയും പ്രധാന അധ്യാപകർക്കും മാനേജർമാർക്കും ഈ നിർദേശം ബാധകമാണ്. തിങ്കളാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് പുതിയ നിർദേശങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
ക്ലാസ് മുറികൾ, ഇടനാഴികൾ, ലൈബ്രറികൾ, പടിക്കെട്ടുകൾ തുടങ്ങി പ്രധാന ഇടങ്ങളിൽ ദൃശ്യവും ശബ്ദവുമടക്കം റെക്കോർഡ് ചെയ്യാനാവുന്ന സിസിടിവികൾ സ്ഥാപിക്കണമെന്ന് നിർദേശിക്കുന്നു. ഈ റെക്കോർഡുകൾ കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും സൂക്ഷിക്കണം.
2021 സെപ്റ്റംബറിൽ നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സിന്റെ (NCPCR) സ്കൂൾ സുരക്ഷാ മാനുവലിനെ അടിസ്ഥാനമാക്കിയാണ് ഈ നിർദേശമെന്നും സിബിഎസ്ഇ വ്യക്തമാക്കുന്നു.