മലപ്പുറം– സൗദി മതകാര്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സൗദി എംബസിയുമായി സഹകരിച്ച് ജാമിഅ അൽ-ഹിന്ദ് അൽ-ഇസ്‌ലാമിയ്യയും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വൈജ്ഞാനിക മത്സരമായ ‘അൽ-മഹാറ’യുടെ നാലാം പതിപ്പിൻ്റെ ഔദ്യോഗിക ലോഞ്ചിംഗ് ജാമിഅഃ അൽ-ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി മിനി ഊട്ടിയിലെ മെയ്ൻ ക്യാംപസിൽ വെച്ച് നിർവഹിച്ചു. വിശുദ്ധ ഖുർആൻ പഠനം, പാരായണം, അറബി ഭാഷ കല, സാഹിത്യം എന്നിവയുടെ പ്രചരണവും പ്രോത്സാഹനവുമാണ് മത്സരം ലക്ഷ്യം വെക്കുന്നത്.
വിജയികൾക്കായി നാല് ലക്ഷത്തിലധികം രൂപയുടെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും ട്രോഫികളും അൽ-മഹാറ സംഘാടക സമിതി നൽകുന്നുണ്ട്. കുറഞ്ഞ കാലം കൊണ്ട് തന്നെ കേരളത്തിലെ മത സ്ഥാപനങ്ങളുടെ ഭൂപടത്തിൽ സുപ്രധാനമായ ഇടം അടയാളപ്പെടുത്തിയ ജാമിഅഃ അൽ-ഹിന്ദ് അൽ ഇസ്‌ലാമിയ്യയിൽ വെച്ച് സംഘടിപ്പിക്കപ്പെടുന്ന പരിപാടിയുടെ പ്രവർത്തനങ്ങളിൽ മുഖ്യ പങ്ക് വഹിക്കുന്നത് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷനാണ്.
പരിപൂർണമായും ഈ പരിപാടി സൗദി എംബസിയുടെയും മതകാര്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് നടക്കുന്നത് എന്നതാണ് പരിപാടിയുടെ പ്രധാന സവിശേഷത. ലോഞ്ചിംഗ് പരിപാടിയിൽ കോളേജ് റെക്ടർ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ, അൽ-മഹാറ മുഖ്യ രക്ഷാധികാരി ശുറൈഹ് സലഫി, കുല്ലിയ്യതു ശരീഅ പ്രിൻസിപ്പാൾ ഹംസ മദീനി, ജാമിഅഃ അൽ ഹിന്ദ് ലേഡീസ് ക്യാമ്പസ് പ്രിൻസിപ്പാൾ ശബീബ് സ്വലാഹി, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.