ബെയ്റൂത്ത് – പേജറുകളും വയര്‍ലെസ് ഉപകരണങ്ങളും കൂട്ടത്തോടെ പൊട്ടിത്തെറിച്ച് 37 പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിമാനങ്ങളില്‍ പേജറുകളും വയര്‍ലെസ് ഉപകരണങ്ങളും കയറ്റുന്നത് ബെയ്‌റൂത്ത് എയര്‍പോര്‍ട്ട് വിലക്കി. മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ പേജറുകളും വയര്‍ലെസ് ഉപകരണങ്ങളും വിമാനങ്ങളില്‍ കയറ്റുന്നത് വിലക്കിയതായി യാത്രക്കാരെ അറിയിക്കണമെന്ന് ബെയ്‌റൂത്ത് റഫീഖ് അല്‍ഹരീരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സര്‍വീസുകള്‍ നടത്തുന്ന മുഴുവന്‍ വിമാന കമ്പനികളോടും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
രണ്ടു ദിവസത്തിനിടെ കമ്മ്യൂണിക്കേഷന്‍സ് ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ച് 37 പേര്‍ കൊല്ലപ്പെടുകയും 3,539 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രി ഫിറാസ് അല്‍അബ്‌യദ് അറിയിച്ചു. ചൊവ്വാഴ്ചയുണ്ടായ പേജര്‍ സ്‌ഫോടനങ്ങളില്‍ 12 പേരും ബുധനാഴ്ചയുണ്ടായ വാക്കി ടോക്കി സ്‌ഫോടനങ്ങളില്‍ 25 പേരും കൊല്ലപ്പെട്ടു. സെപ്റ്റംബര്‍ 17 നുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ 2,323 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇക്കൂട്ടത്തില്‍ 1,343 പേര്‍ക്ക് ഇടത്തരം പരിക്കോ ഗുരുതരമായ പരിക്കോ ആണ് നേരിട്ടതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
വാക്കി ടോക്കി സ്‌ഫോടനങ്ങളില്‍ 20 ഹിസ്ബുല്ല പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചു. ഹിസ്ബുല്ലക്ക് ശക്തവും കടുത്തതും അഭൂതപൂര്‍വവുമായ പ്രഹരമാണേറ്റതെന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ല പറഞ്ഞു. അമേരിക്ക അടക്കമുള്ള പശ്ചാത്യ ശക്തികളുടെ സഹായത്തോടെ സാങ്കേതിക തലത്തില്‍ ഇസ്രായില്‍ മികച്ചുനില്‍ക്കുന്നതായി ഞങ്ങള്‍ക്കറിയാം. ഹിസ്ബുല്ല അംഗങ്ങളുടെ കൈയിലുള്ള ഉപകരണങ്ങളുടെ എണ്ണം 4,000 ലേറെയായതായി ഇസ്രായില്‍ കണക്കാക്കി. രണ്ടു ദിവസത്തിനിടെ രണ്ടു മിനിറ്റിനുള്ളില്‍ യാതൊന്നിനെ കുറിച്ചും ശ്രദ്ധിക്കാതെ ആശയവിനിമയ ഉപകരണങ്ങള്‍ തകര്‍ത്തുകൊണ്ട് 5,000 ലേറെ മനുഷ്യരെ കൊല്ലാന്‍ ശത്രു തീരുമാനിച്ചു. സംഭവിച്ചത് കൂട്ടക്കൊലയാണ്. ഞങ്ങള്‍ നേരിട്ട വലുതും ശക്തവും അഭൂതപൂര്‍വവുമായ പ്രഹരം ഞങ്ങളെ തകര്‍ക്കില്ലെന്നും ഹസന്‍ നസ്‌റല്ല പറഞ്ഞു.