റിയാദ് – അറബ് ലോകത്ത് യു.എ.ഇ ഇസ്രായിലിന്റെ ട്രോജന്‍ കുതിരയായി പ്രവര്‍ത്തിക്കുകയും സൗദി അറേബ്യയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതായി മുന്‍ ശൂറാ കൗണ്‍സില്‍ അംഗം അഹ്‌മദ് അല്‍തുവൈജിരി പറഞ്ഞു. യു.എ.ഇ അറബ് രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. യു.എ.ഇ അറബ് ലോകത്ത് ഇസ്രായിലിന്റെ ട്രോജന്‍ കുതിരയായി പ്രവര്‍ത്തിക്കുകയാണെന്നും സൗദി അറേബ്യയെ ദുര്‍ബലപ്പെടുത്താനും മേഖലയില്‍ ഒരു പ്രബല ശക്തിയായി സ്വയം സ്ഥാപിക്കാനും ശ്രമിക്കുകയാണെന്നും ബ്രിട്ടീഷ് വെബ്സൈറ്റായ മിഡില്‍ ഈസ്റ്റ് ഐയുടെ എഡിറ്റര്‍-ഇന്‍-ചീഫിന് നല്‍കിയ അഭിമുഖത്തില്‍ അല്‍തുവൈജിരി പറഞ്ഞു.
യെമന്‍ അടക്കമുള്ള അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ യു.എ.ഇ ഇടപെടുന്നു. മുഅമ്മര്‍ ഗദ്ദാഫിയുടെ ഭരണകൂടത്തെ അട്ടിമറിച്ചതിനുശേഷം ലിബിയയിലാണ് യു.എ.ഇയുടെ ഇടപെടലുകള്‍ ആരംഭിച്ചത്. ആ സമയത്ത് ലിബിയക്ക് ഐക്യവും പുനര്‍നിര്‍മാണവും സമാധാനവും ആവശ്യമായിരുന്നു. ലിബിയന്‍ ജനതയുടെ ഈ മോഹങ്ങളെല്ലാം തകര്‍ക്കാന്‍ യു.എ.ഇ ലിബിയയില്‍ ഇടപെട്ടു. ലിബിയയിലെ വിഘടനവാദിയായ ഹഫ്തറിനെ യു.എ.ഇ പിന്തുണച്ചു. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഹഫ്തറിന് നിയമപരമോ ധാര്‍മികമോ ആയ യാതൊരു ന്യായീകരണവുമില്ലായിരുന്നു. എന്നാല്‍ യു.എ.ഇ ഹഫ്തറിന് പൂര്‍ണ പിന്തുണ നല്‍കി. സാമ്പത്തികമായും സൈനികമായും ഹഫ്തറിനെ യു.എ.ഇ പിന്തുണച്ചു. ലിബിയയില്‍ യു.എന്നും ലോകം മുഴുവനും അംഗീകരിച്ച നിയമാനുസൃത ഗവണ്‍മെന്റിനെതിരെ ബോംബാക്രമണം നടത്താന്‍ യു.എ.ഇ തങ്ങളുടെ വിമാനങ്ങള്‍ ലിബിയയിലേക്ക് അയച്ചു. പിന്നീട് സുഡാന്‍, സൊമാലിയ, യെമന്‍ അടക്കമുള്ള രാജ്യങ്ങളിലേക്ക് യു.എ.ഇയുടെ ഇടപെടലുകള്‍ വ്യാപിച്ചതായും അഹ്‌മദ് അല്‍തുവൈജിരി പറഞ്ഞു.



