1957 – ലെ പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭയെ ആര് നയിക്കുമെന്നും മന്ത്രിമാര്‍ ആരായിരിക്കുമെന്നുമൊക്കെ ആദ്യമായി വായനക്കാരെ അറിയിച്ച ഇന്റര്‍നാഷനല്‍ സ്‌കൂപ്പിന്റെ ഉടമകളായിരുന്നു കൗമുദിയുടെ (കേരള കൗമുദിയുടെ ആദ്യരൂപം) ലേഖകരായ കെ. ബാലകൃഷ്ണനും എന്‍. രാമചന്ദ്രനും.
ബാലറ്റിലൂടെ അധികാരത്തിലേറിയ ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയെന്ന് ഖ്യാതി നേടിയ, ആഗോളശ്രദ്ധ പിടിച്ചുപറ്റിയ ആ ക്യാബിനറ്റിന്റെ തലവന്‍ ആരായിരിക്കും? ടി.വി തോമസായിരിക്കും മുഖ്യമന്ത്രി എന്നായിരുന്നു ഏറെക്കുറെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തും പുറത്തും കരുതപ്പെട്ടിരുന്നത്. പക്ഷേ ഇ.എം.എസിനെ മുഖ്യമന്ത്രിയാക്കാനാണ് എറണാകുളത്ത് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗം തീരുമാനിച്ചത്. മുഖ്യമന്ത്രിയേയും മന്ത്രിസഭാംഗങ്ങളേയും കുറിച്ചുള്ള ചൂടുള്ള വാര്‍ത്ത ചോര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെ കൗമുദി പത്രാധിപര്‍ കെ. ബാലകൃഷ്ണനും റിപ്പോര്‍ട്ടര്‍ എന്‍. രാമചന്ദ്രനും എറണാകുളത്തെത്തി. ഇരുവരും ആര്‍.എസ്.പി അനുഭാവികള്‍. പില്‍ക്കാലത്ത് അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് ആര്‍.എസ്.പി സ്ഥാനാര്‍ഥിയായി ജയിച്ച് ലോക്‌സഭയിലെത്തിയ ആളാണ് പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായിരുന്ന, ബാലയണ്ണന്‍ എന്ന് വിളിക്കപ്പെട്ട കെ. ബാലകൃഷ്ണന്‍.
മന്ത്രിസഭാംഗങ്ങളെ നിശ്ചയിക്കാന്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി യോഗം നടക്കുന്ന എറണാകുളത്തെ ഹോട്ടല്‍ സീവ്യൂ, ആര്‍.എസ്.പിക്കാരനായ പ്രാക്കുളം ഭാസിയുടേതായിരുന്നു. രഹസ്യമായി അവിടെ മുറിയെടുത്തു കെ. ബാലകൃഷ്ണനും എന്‍. രാമചന്ദ്രനും. പക്ഷേ അക്കാലത്തെ ‘കമ്യൂണിസ്റ്റ് ഇരുമ്പ്മറ ‘ ഭേദിച്ച് ഒരു വിവരവും പുറത്ത് വന്നില്ല. നിരാശരായി രണ്ടു പേരും തിരുവനന്തപുരത്തേക്ക് മടങ്ങാനിരിക്കെ, മന്ത്രിമാരെ നിശ്ചയിച്ച ഈ യോഗത്തില്‍ പങ്കെടുത്തിരുന്ന സി.പി.ഐ നേതാവ് പന്തളം പി.ആര്‍. മാധവന്‍ പിള്ള ആലപ്പുഴയിലേക്കുള്ള ബസ് കാത്ത് നില്‍ക്കുന്നു.
– സഖാവേ പോരൂ, കാറില്‍ സ്ഥലമുണ്ട്. ഞങ്ങള്‍ ഡ്രോപ് ചെയ്യാം.
പന്തളം പി.ആറിന് ആലപ്പുഴ വരെ ഫ്രീ ലിഫ്റ്റ്. അദ്ദേഹത്തെ മുന്‍സീറ്റിലിരുത്തി. കാര്‍ തെക്കോട്ട് കുതിച്ചു.
പിന്‍സീറ്റിലിരുന്ന് രാമചന്ദ്രന്‍ സാറും ബാലയണ്ണനും തമ്മില്‍ ഭയങ്കര വഴക്ക്.
– ടി.വി. തോമസ് തന്നെ മുഖ്യമന്ത്രി.
അല്ല, ഇ.എം.എസായിരിക്കും.
രണ്ടു പേരും പൊരിഞ്ഞ വാക്പയറ്റ് നടക്കെ, മുന്നിലിരുന്ന പന്തളം പി.ആര്‍ ഇടപെട്ടു:
ഇക്കാര്യം പറഞ്ഞ് നിങ്ങളെന്തിനാണ് ഹേ, തര്‍ക്കിക്കുന്നത്, ഇ.എം. തന്നെ മുഖ്യമന്ത്രി.
സന്തോഷത്തോടെ രാമചന്ദ്രന്‍ സാറും ബാലയണ്ണനും പന്തളം പി.ആര്‍ കാണാതെ പരസ്പരം കൈകൊടുത്തു.
– അപ്പോള്‍ അച്യുതമേനോനും ടി.വിയും മന്ത്രിമാര്‍ എന്ന കാര്യം ഉറപ്പ്. എന്നാല്‍ ഗൗരിയമ്മയോ?
ഗൗരിയമ്മയും മന്ത്രി തന്നെയെന്ന് പന്തളം പി.ആര്‍.
ചുരുക്കത്തില്‍ ആലപ്പുഴയെത്തിയപ്പോഴേക്കും മുഴുവന്‍ മന്ത്രിമാരുടേയും പേര് വിവരം ചോര്‍ന്നു കിട്ടി. പി.ആര്‍ ആലപ്പുഴയിലിറങ്ങി പന്തളത്തേക്കുള്ള ബസ് പിടിക്കുകയും ചെയ്തു.
ആഹ്ലാദം കൊണ്ട് തുള്ളിച്ചാടിയിരിക്കണം, രണ്ട് കൗമുദി പ്രതിഭകളും. കാര്‍ തിരുവനന്തപുരത്തെത്തുമ്പോഴേക്കും പത്രം അച്ചടി തുടങ്ങിക്കാണും. കാത്തിരിക്കാനാവില്ല. രാമചന്ദ്രന്‍സാര്‍, ആലപ്പുഴയിലെ ഒരു ഹോട്ടലില്‍ കയറി കേരളകൗമുദി ഡസ്‌കിലേക്ക് എസ്.ടി.ഡി വിളിച്ച്, കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ നിയുക്ത മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് വിവരം പറഞ്ഞു കൊടുത്തു. പിറ്റേന്ന് കമ്യൂണിസ്റ്റ് നേതാക്കള്‍ വൈകിട്ട് യോഗം ചേര്‍ന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരുന്ന, മന്ത്രിസഭാംഗങ്ങളുടെ ആ ലിസ്റ്റ് പൂര്‍ണമായും രാവിലെത്തന്നെ കേരളകൗമുദി വായനക്കാര്‍ക്ക് കിട്ടി. അതായിരുന്നു, അക്കാലത്തെ ഏറ്റവും വലിയ സ്‌കൂപ്പ്!