- പാലക്കാട് സേവ് സി.പി.ഐ ഫോറത്തിനെതിരെയും വിമർശം
പാലക്കാട്: വടകരയിലെ വ്യാജ കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദത്തിലും വയനാട് തുരങ്ക പാത സംബന്ധിച്ച വിഷയത്തിലും പ്രതികരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
വ്യാജ കാഫിർ സ്‌ക്രീൻ ഷോട്ട് പോലുള്ള പ്രചാരണങ്ങൾ ഇടതുപക്ഷ രീതി അല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. കെ കെ ശൈലജ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും, വയനാട് തുരങ്ക പാത സംബന്ധിച്ച് ശാസ്ത്രീയ പഠനം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മതിയായ പഠനം നടത്താതെ മുന്നോട്ട് പോയാൽ ജനങ്ങളിൽ ആശങ്ക ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പറഞ്ഞു.
പാലക്കാട്ടെ സേവ് സി.പി.ഐ ഫോറത്തെ തലോടിയ മുതിർന്ന സി.പി.ഐ നേതാവ് കെ.ഇ ഇസ്മായിലിന്റെ പ്രസ്താവനയിലും ബിനോയ് വിശ്വം പ്രതികരിച്ചു. സമാന്തര പ്രവർത്തനം കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും അത്തരം പ്രവർത്തനത്തെ പിന്തുണയ്ക്കുന്നത് തെറ്റാണെന്നും ഇക്കാര്യം കെ.ഇ ഇസ്മായിലിനും അറിയാമെന്നും ബിനോയ് ബിനോയ് വിശ്വം പറഞ്ഞു. സേവ് സി.പി.ഐ ഫോറം യുവജന വിഭാഗം പ്രഖ്യാപനം ഇന്ന് വൈകീട്ട് പാലക്കാട് നടക്കാനിരിക്കെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിമർശം. കിഴിഞ്ഞ ജില്ലാ സമ്മേളനത്തോടെയാണ് പാലക്കാട് സി.പി.ഐയിൽ വിഭാഗീയത രൂക്ഷമായത്.