മലപ്പുറം: ദേശീയപാതയിലെ തലപ്പാറയിൽ കെ.എസ്.ആർ.ടി.സി. ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 25-ലേറെ പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർ സഹീർ,കണ്ടക്ടർ ആലപ്പുഴ സ്വദേശി സുരേഷ് (45) എന്നിവരുൾപ്പെടെയള്ളവർക്കാണ് പരിക്ക്. ഇവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ പത്തനംതിട്ട സ്വദേശിനി ഇന്ദുലേഖയെ (22) കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി. ബാക്കി യാത്രക്കാരുടെ നില ഗുരുതരമല്ല. തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രഥമ ശുശ്രൂഷക്ക് ശേഷം ചിലരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.
ആലുവ ഡിപ്പോയിലെ ബസിൽ 90 ഓളം യാത്രക്കാരാണുണ്ടായിരുന്നത്. അപകടത്തിൽപെടുന്നതിന് മുമ്പ് ബസ് കാറിൽ ഇടിച്ചിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാർ പറഞ്ഞു. മുഴുവൻ യാത്രക്കാരെയും നാട്ടുകാരുൾപ്പെടെയുള്ളവരാണ് രക്ഷപ്പെടുത്തിയത്. നിരവധി അപകടം നടക്കുന്ന ഈ പ്രദേശത്ത് ഡ്രൈവർമാരുടെ അശ്രദ്ധ അപകടങ്ങൾക്ക് ആക്കം കൂട്ടാറുള്ളത് പതിവാണ്. സർവീസ് റോഡിലൂടെ പോകുകയായിരുന്ന ബസ് പത്തടിയിലേറെ താഴ്ചയിലേക്കാണ് മറിഞ്ഞത്.