റിയാദ്– പത്തുവര്‍ഷത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ട് കേളി കലാസാംസ്‌കാരിക വേദിയുടെയും ഇന്ത്യന്‍ എംബസിയുടെയും സഹായത്തോടെ ആലപ്പുഴ കായംകുളം സ്വദേശിനി ജമീല ബീഗം നാടണഞ്ഞു. അസുഖബാധിതനായ ഭര്‍ത്താവിന്റെ ചികിത്സക്കും മകളുടെ പഠനത്തിനുമായി 2016ല്‍ റിയാദിലെ അല്‍ഖര്‍ജില്‍ ഗാര്‍ഹിക തൊഴിലാളിയായി ജോലി തേടിയെത്തിയ ജമീല, തുടക്കത്തില്‍ കരാര്‍പ്രകാരം ജോലി ലഭിച്ചെങ്കിലും ആറുമാസത്തിന് ശേഷം ശമ്പളം കൃത്യമായി ലഭിക്കാതായതിനെ തുടര്‍ന്ന് മറ്റൊരിടത്തേക്ക് ജോലി മാറി. അഞ്ചുമാസത്തെ ശമ്പള കുടിശ്ശിക നിലനിന്നിരുന്നെങ്കിലും ആദ്യ സ്‌പോണ്‍സറുടെ കീഴിലായിരുന്നു ഇഖാമ നിലനിന്നിരുന്നത്.


പുതിയ ജോലിസ്ഥലത്ത് ശമ്പളം കൃത്യമായി ലഭിച്ചതോടെ ഡയാലിസിസ് രോഗിയായ ഭര്‍ത്താവിന്റെ ചികിത്സയും മകളുടെ പഠനവും മൂന്നുവര്‍ഷത്തോളം മുടങ്ങാതെ മുന്നോട്ടുപോയി. എന്നാല്‍ ഇതിനിടെയാണ് ഭര്‍ത്താവിന്റെ ആകസ്മിക മരണം സംഭവിച്ചത്.
നാട്ടിലേക്ക് മടങ്ങുന്നതിനായി സ്‌പോണ്‍സറെ സമീപിച്ചപ്പോഴാണ് അദ്ദേഹം മരിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ എംബസിയെ സമീപിച്ച് തര്‍ഹീലില്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍, സ്‌പോണ്‍സര്‍ മരണപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ എക്‌സിറ്റ് വിസ എടുത്തിരുന്നുവെന്നും അതിന്റെ കാലാവധി കഴിഞ്ഞതായും വ്യക്തമായി. പിന്നീട് നാട്ടില്‍ ജമീല ബീഗത്തിന്റെ മാതാവിന്റെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന മകളുടെ വിവാഹം തരപ്പെടുകയും ജമീല നാട്ടിലേക്ക് മടങ്ങുന്നത് താല്‍ക്കാലികമായി മാറ്റിവെക്കുകയും ചെയ്തു. തുടര്‍ന്ന് മകളുടെ വിവാഹം നടന്നു.
കഴിഞ്ഞ വര്‍ഷം ജമീലയുടെ മാതാവും മരണപ്പെട്ടതോടെ നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങള്‍ വീണ്ടും ശക്തമാക്കി. ഇതോടെ കേളി ജീവകാരുണ്യ കമ്മിറ്റിയെ സമീപിക്കുകയും വിഷയത്തില്‍ ഇടപെടാന്‍ കമ്മിറ്റിയംഗം നാസര്‍ പൊന്നാനിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
നാസര്‍ പൊന്നാനി മുഖേന വിഷയം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും കേളിയുടെയും എംബസിയുടെയും നിരന്തര ഇടപെടലിന്റെ ഫലമായി വലിയ പിഴത്തുക ഒഴിവാക്കി എക്‌സിറ്റ് വിസ ലഭിക്കുകയും ചെയ്തു. ഇതോടെ പത്തുവര്‍ഷത്തെ ദുരിതജീവിതത്തിന് വിരാമമിട്ട് ജമീല ബീഗം കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങി.



