കോഴിക്കോട്– തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്താനും ഏർപെടുത്തിയ വെബ്‌സൈറ്റ് ഗൾഫ് രാജ്യങ്ങളിൽ ലഭിക്കുന്നില്ലെന്ന പ്രവാസികളുടെ പരാതി പരിഹരിച്ചതായി നേതാക്കൾ. ഖത്തർ കെഎംസിസി കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ പരാതി ലഭിച്ചതിനെ തുടർന്ന് അധികാരികളുമായി ബന്ധപ്പെടുകയും സാങ്കേതിക പ്രശ്‌നം പരിഹരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് കോഴിക്കോട് ജില്ല മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ടിടി ഇസ്മയിൽ ‘ദ മലയാളം ന്യൂസിനോട്’ പറഞ്ഞു. സംസ്ഥാന ഇലക്ഷൻകമ്മിഷ്ണർ എ ഷാജഹാന്റെ ശ്രദ്ധയിലും ഇക്കാര്യം അറിയിച്ചിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പാറക്കൽ അബ്ദുല്ല, കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് റസാക്ക് മാസ്റ്റർ, സെക്രട്ടറി ടിടി ഇസ്മായിൽ എന്നിവരോടാണ് ഖത്തർ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ടിടി കുഞ്ഞമ്മദ്, ജനറൽ സെക്രട്ടറി അതീഖുർറഹ്‌മാൻ പരാതി അറിയിച്ചത്. ഇന്ന് ഖത്തറിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും വെബ്‌സൈറ്റ് ലഭിച്ചു തുടങ്ങിയിട്ടുണ്ടെന്ന് ഖത്തർ കെഎംസിസി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് സിറാജ് മാത്തോത്ത് ‘ദ മലയാളം ന്യൂസിനോട്’ പറഞ്ഞു.
Read more: പ്രവാസികൾക്ക് വോട്ട് ചേർക്കാൻ സാങ്കേതിക പ്രശ്‌നം; പരിഹരിച്ചതായി നേതാക്കൾ