റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാൻ ഔദ്യോഗിക കാലാവധി പൂർത്തിയാക്കി മടങ്ങുന്നു. ഈ മാസം അവസാനത്തോടെ ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് തിരിക്കുന്ന അദ്ദേഹത്തിന് പകരമായി, അടുത്ത മാസം പകുതിയോടെ പുതിയ അംബാസഡർ വിപുൽ റിയാദിൽ ചുമതലയേൽക്കും.
സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഡോ. സുഹൈൽ അജാസ് ഖാന് റിയാദിലെ ഇന്ത്യൻ സമൂഹം നാളെ (വെള്ളി) യാത്രയയപ്പ് നൽകും. രാത്രി എട്ട് മണിക്ക് ഒലയ്യയിലുള്ള അൽഖസർ ഹോളിഡേ ഇൻ ഹോട്ടലിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
1997 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ഉദ്യോഗസ്ഥനായ അദ്ദേഹം 2023 ജനുവരി 16-നാണ് സൗദിയിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റത്. മുൻപ് 2017 മുതൽ 2019 വരെ റിയാദ് ഇന്ത്യൻ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും (DCM), 2005 മുതൽ 2008 വരെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുലായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലെബനനിലെ ഇന്ത്യൻ അംബാസഡറായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, 2011 മുതൽ 2013 വരെയുള്ള കാലയളവിൽ അന്നത്തെ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്റെ ഓഫീസിൽ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.



