റിയാദ് – ഉടല്‍ ഒട്ടിപ്പിച്ച നിലയില്‍ പിറന്നുവീണ ഫിലിപ്പിനോ സയാമിസ് ഇരട്ടകളായ അക്കീസക്കും ആയിശക്കും ഇനി മുതല്‍ സ്വതന്ത്ര ജീവിതം. ഇരുവരെയും വേര്‍പ്പെടുത്താനുള്ള ശാസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. അഞ്ചു മണിക്കൂറെടുത്താണ് അഞ്ചു ഘട്ടങ്ങളിലായി ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയത്. ഓപ്പറേഷന് ഏഴര മണിക്കൂറെടുക്കുമെന്നാണ് മെഡിക്കല്‍ സംഘം ആദ്യം കണക്കാക്കിയിരുന്നത്.
എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
സയാമിസ് ഇരട്ടകളെ സൗദിയിലെത്തിച്ച് സൗജന്യമായി വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്താന്‍ നിര്‍ദേശിച്ച സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതില്‍ പങ്കാളിത്തം വഹിച്ച മെഡിക്കല്‍ സംഘത്തിലെ അംഗങ്ങള്‍ക്കും ഓപ്പറേഷന് നേതൃത്വം നല്‍കിയ റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലുമായ ഡോ. അബ്ദുല്ല അല്‍റബീഅ നന്ദി പറഞ്ഞു.
റിയാദില്‍ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിനു കീഴിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ഇന്നു രാവിലെയാണ് അതിസങ്കീര്‍ണമായ ഓപ്പറേഷന്‍ ആരംഭിച്ചത്. നെഞ്ചിന്റെ അടിഭാഗവും വയറും കരളും ഒട്ടിപ്പിടിച്ച നിലയിലുള്ള, ആറു മാസം പ്രായമുള്ള അക്കീസക്കും ആയിശക്കും കൂടി ആകെ 18 കിലോ തൂക്കമാണുണ്ടായിരുന്നത്. മെയ് അഞ്ചിനാണ് കുട്ടികളും ബന്ധുക്കളും റിയാദിലെത്തിയത്. കണ്‍സള്‍ട്ടന്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ര്‍മാരും നഴ്‌സുമാരും ടെക്‌നീഷ്യന്മാരും അടക്കം 23 അംഗ മെഡിക്കല്‍ സംഘം ഓപ്പറേഷനില്‍ പങ്കാളിത്തം വഹിച്ചു.