ജിദ്ദ – വൈദ്യുതി വിച്ഛേദിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ മീറ്ററുകള്‍ യഥാര്‍ഥ ഉപയോക്താവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി. ഇനിയും മീറ്ററുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വരിക്കാര്‍ ലഭ്യമായ ചാനലുകളിലൂടെ ലളിതവും എളുപ്പവുമായ നടപടികളിലൂടെ രജിസ്റ്ററേഷന്‍ പ്രക്രിയ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കമ്പനി അറിയിച്ചു. രജിസ്റ്റര്‍ ചെയ്യാത്തപക്ഷം മീറ്ററില്‍ നിന്ന് വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കപ്പെടാന്‍ കാരണമാകുമെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കി.
ബില്ലുകളെയും സേവനങ്ങളെയും കുറിച്ചുള്ള നേരിട്ടുള്ള അറിയിപ്പുകള്‍ സ്വീകരിക്കാൻ ഇത് വരിക്കാരെ പ്രാപ്തരാക്കുന്നു. സേവനത്തിന്റെ യഥാര്‍ഥ ഗുണഭോക്താവിനെ നിര്‍ണയിക്കുന്നതിലൂടെ ഉടമകളും വാടകക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ കുറക്കുകയും ചെയ്യും. വൈദ്യുതി കമ്പനി ആപ്പ്, വെബ്സൈറ്റ്, സബ്സ്‌ക്രൈബര്‍ സര്‍വീസ് ഓഫീസുകള്‍, 933 എന്ന നമ്പറിലുള്ള ഉപഭോക്തൃ സേവന കേന്ദ്രം എന്നിവയിലൂടെ ഡോക്യുമെന്റേഷന്‍ സേവനം ലഭ്യമാണ്. മീറ്ററുകള്‍ യഥാര്‍ഥ ഉപയോക്താക്കളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കാനും അതിന്റെ നടപടിക്രമങ്ങള്‍ ലളിതമായ രീതിയില്‍ വിശദീകരിക്കാനുമായി കഴിഞ്ഞ മാസങ്ങളില്‍ വിവിധ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും സേവന കേന്ദ്രങ്ങളും വഴി ബോധവല്‍ക്കരണ, മാര്‍ഗനിര്‍ദേശ കാമ്പെയ്നുകള്‍ നടപ്പാക്കിയിട്ടുണ്ട്. സേവനങ്ങളുടെ കൃത്യവും കാര്യക്ഷമവുമായ വിതരണം ഉറപ്പാക്കാനും അവബോധം വളര്‍ത്താനും കമ്പനി നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണിത്. മീറ്റര്‍ ഡോക്യുമെന്റേഷന്‍ പ്രക്രിയ വരിക്കാരുടെ അനുഭവം മെച്ചപ്പെടുത്താനും നെറ്റ്വർക്ക് വിശ്വാസ്യത വര്‍ധിപ്പിക്കാനും ഗുണനിലവാരമുള്ള സേവനങ്ങള്‍ നല്‍കാനുമുള്ള ചുവടുവെപ്പാണെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു.