ജിദ്ദ – സമ്പൂര്‍ണ ഗവണ്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വിവിധ ഗവണ്‍മെന്റ് വകുപ്പുകള്‍ക്കു കീഴിലെ 267 ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ അടച്ചുപൂട്ടുകയും പരസ്പരം ലയിപ്പിക്കുകയും ചെയ്തതായി ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോറിറ്റി അറിയിച്ചു. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും ഡിജിറ്റല്‍ സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും രാജ്യത്തെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ തന്ത്രപരമായ സമീപനങ്ങള്‍ക്ക് അനുസൃതമായി സര്‍ക്കാര്‍ പ്ലാറ്റ്ഫോമുകളെ ഏകീകരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
നാഷണല്‍ സിംഗിള്‍ സൈന്‍-ഓണ്‍, ഇ-പേയ്മെന്റ്, ഗവണ്‍മെന്റ് ഇന്റഗ്രേഷന്‍ ചാനല്‍ തുടങ്ങിയ സാങ്കേതിക വിഭവങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കല്‍, പ്ലാറ്റ്ഫോം ഗവേണന്‍സ് മാനദണ്ഡങ്ങള്‍ നടപ്പാക്കല്‍, സംയോജിതവും വിശ്വസനീയവുമായ ഡിജിറ്റല്‍ സേവനങ്ങള്‍ ഉറപ്പാക്കുന്ന ഏകീകൃത ഡിസൈന്‍ സിസ്റ്റം (പ്ലാറ്റ്ഫോം കോഡ്) പാലിക്കല്‍ എന്നിവ പുതിയ പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെടുന്നു.
നഗരസഭാ, പാര്‍പ്പിട മന്ത്രാലയം 37 പ്ലാറ്റ്ഫോമുകളെ ബലദീ പ്ലാറ്റ്ഫോമില്‍ ലയിപ്പിച്ചു. മന്ത്രാലയത്തിനു കീഴിലെ 80 ശതമാനം പ്ലാറ്റ്‌ഫോമുകളും ബലദീ പ്ലാറ്റ്‌ഫോമില്‍ ലയിപ്പിച്ചിട്ടുണ്ട്. ലോജിസ്റ്റി പ്ലാറ്റ്ഫോമിലൂടെ ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രാലയം ലോജിസ്റ്റിക്‌സ് പശ്ചാത്തല സൗകര്യങ്ങളെയും ദേശീയ സമ്പദ് വ്യവസ്ഥയെയും പിന്തുണക്കുന്ന 200 ലേറെ സേവനങ്ങള്‍ നല്‍കുന്നു. മൂന്നു കോടിയിലേറെ ഉപയോക്താക്കള്‍ക്ക് സേവനം നല്‍കുന്ന സിഹത്തീ പ്ലാറ്റ്ഫോമിലൂടെ ആരോഗ്യ മന്ത്രാലയം സമഗ്രമായ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു.
വസ്ഫതീ, യൂനിഫൈഡ് ഹെല്‍ത്ത് റെക്കോര്‍ഡ് പ്ലാറ്റ്ഫോമുകള്‍ ലയിപ്പിച്ച ശേഷം സിഹത്തീ പ്ലാറ്റ്‌ഫോം വഴി 14 കോടിയിലേറെ ഇലക്‌ട്രോണിക് മരുന്ന് കുറിപ്പടികള്‍ നല്‍കി. മൗഇദ്, സിഹ സേവനങ്ങള്‍ ലയിപ്പിച്ചതിലൂടെ എട്ടു കോടിയിലേറെ അപ്പോയിന്റ്മെന്റുകളും 70 ലക്ഷത്തിലേറെ തല്‍ക്ഷണ കണ്‍സള്‍ട്ടേഷനുകളും നല്‍കിയതായും ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോറിറ്റി പറഞ്ഞു.
2022 ല്‍ ആരംഭിച്ച സമ്പൂര്‍ണ ഗവണ്‍മെന്റ് പ്രോഗ്രാം 2025 ആദ്യ പകുതിയുടെ അവസാനത്തോടെ സര്‍ക്കാര്‍ പ്ലാറ്റ്ഫോമുകളുടെ എണ്ണം 550 ആയി കുറക്കുന്നതില്‍ വിജയിച്ചു. 2022 ല്‍ 817 സര്‍ക്കാര്‍ പ്ലാറ്റ്ഫോമുകളുണ്ടായിരുന്നു. വിഭവ കാര്യക്ഷമത മെച്ചപ്പെടുത്താനും ഫലപ്രദമായ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കാനും ഉപയോക്തൃ സംതൃപ്തി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പ്ലാറ്റ്ഫോമുകളുടെ എണ്ണം കുറച്ചത്.
സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെ ഏകീകൃത ദേശീയ ആപ്ലിക്കേഷനായ തവക്കല്‍നാ വഴി സേവനങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, ഡിജിറ്റല്‍ ഡൊമെയ്നുകളും പ്ലാറ്റ്ഫോമുകളും ഫലപ്രദമായി വികസിപ്പിക്കാനും കൈകാര്യം ചെയ്യാനുമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മിലുള്ള ശ്രമങ്ങള്‍ സംയോജിപ്പിക്കേണ്ടത് ഏറെ പ്രധാനമാണ്. ഗുണഭോക്താക്കളുടെ ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സര്‍ക്കാര്‍ സേവനങ്ങള്‍ വികസിപ്പിക്കാന്‍ ഭരണാധികാരികള്‍ നല്‍കുന്ന പിന്തുണ ഇത് പ്രതിഫലിപ്പിക്കുന്നു.
ആധുനിക സാങ്കേതിക പരിഹാരങ്ങള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ ശ്രമങ്ങളെയും ഉയര്‍ന്ന നിലവാരമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കാനുള്ള അവയുടെ പ്രതിബദ്ധതയെയും ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോറിറ്റി അഭിനന്ദിച്ചു. അന്താരാഷ്ട്ര ഡിജിറ്റല്‍ ഗവണ്‍മെന്റ് സൂചകങ്ങളില്‍ രാജ്യത്തിന്റെ സ്ഥാനം മെച്ചപ്പെടുത്താന്‍ ഡിജിറ്റല്‍ പരിസ്ഥിതി വികസിപ്പിക്കുന്നതും പ്ലാറ്റ്ഫോമുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതും തുടരേണ്ടത് അനിവാര്യമാണെന്നും അതോറിറ്റി പറഞ്ഞു.