റിയാദ്– കേരളത്തിലെ നിരവധി നിർധനരായ കുടുംബങ്ങൾക്ക് ധനസഹായം നൽകി റിയാദ് കെഎംസിസി വനിതാ കമ്മിറ്റി. ചികിത്സ, വീട് നിർമ്മാണം, വിവാഹം, വിദ്യാഭ്യാസം പോലെയുള്ള നിരവധി ആവശ്യങ്ങൾക്കായി മൂന്നുലക്ഷം രൂപയാണ് വനിതാ കമ്മറ്റി നൽകിയത്.
പാലക്കാട് മണ്ണാർക്കാട് പഞ്ചായത്തിലെ ഒരു കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹത്തിന് 2 ലക്ഷം രൂപ നൽകി. ആക്സിഡന്റിൽ കാലിന് പരിക്കു പറ്റിയ കുട്ടിയുടെ ചികിത്സയ്ക്ക് മുപ്പതിനായിരം രൂപയും കൈമാറി. ഷൊർണ്ണൂർ ഭാഗത്ത് താമസിക്കുന്ന വിധവയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിക്ക് മോണ്ടിസോറി ബിരുദം നേടുന്നതിനാവശ്യമായ പഠന ചിലവിലേക്ക് ഇരുപത്തി അയ്യായിരം രൂപയും വനിതാ കെഎംസിസി കമ്മിറ്റി സഹായമായി നൽകി.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലെ ഒരു ക്യാൻസർ രോഗിയായ യുവതിയുടെ ഭവനനിർമ്മാണത്തിനും ഇരുപത്തി അയ്യായിരം രൂപയാണ് നൽകിയത്. നരിക്കുനി ദേശത്ത് താമസിക്കുന്ന വിധവയായ വൃദ്ധയുടെ വീട് നിർമ്മാണത്തിന് ഇരുപതിനായിരം രൂപ സംഭാവന ചെയ്തു.
നിരവധി മുസ്‌ലിം ലീഗ് കമ്മിറ്റികൾ മുഖേനയും ബാങ്ക് വഴി കുടുംബങ്ങൾക്ക് നേരിട്ടുമാണ് സഹായങ്ങൾ കൈമാറിയതെന്ന് റിയാദ് കെഎംസിസി വനിതാ വിംഗ് ഭാരവാഹികളായ പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ്, ജനറൽ സെക്രട്ടറി ജസീല മൂസ, മറ്റു ഭാരവാഹികളായ നജ്മ ഹാഷിം,തിഫ്ല അനസ് ,സബിത മുഹമ്മദലി,സാറ നിസാർ,ഫസ്‌ന ഷാഹിദ് എന്നിവർ അറിയിച്ചു.