ജിദ്ദ – പങ്കാളിത്ത പെന്‍ഷന്‍ ആനുകൂല്യം ലഭിക്കാന്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന സ്വദേശികളുടെ പരമാവധി വിരമിക്കല്‍ പ്രായം 65 വയസ് ആയി ഉയര്‍ത്തുന്ന ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) നിയമത്തിന് കിരീടാവകാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം.
60 വയസ് തികയുമ്പോള്‍ ജീവനക്കാരനെ അനിവാര്യമായും വിരമിക്കലിന് റഫര്‍ ചെയ്യുമെന്നും മന്ത്രിസഭാ തീരുമാന പ്രകാരം സേവനം 65 വയസ് വരെ നീട്ടാവുന്നതാണെന്നും സിവില്‍ റിട്ടയര്‍മെന്റ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 15 അനുശാസിച്ചിരുന്നു. മന്ത്രിമാര്‍, ജഡ്ജിമാര്‍ എന്നിവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അസാധാരണമായ സാഹചര്യങ്ങളില്‍ 65 വയസിനു ശേഷവും രാജകല്‍പന പ്രകാരം സേവന കാലയളവ് നീട്ടാമെന്നും ആര്‍ട്ടിക്കിള്‍ 15 അനുശാസിച്ചിരുന്നു.
സൗദിയില്‍ റിട്ടയര്‍മെന്റ് നിയമം പരിഷ്‌കരിക്കാനാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നിയമത്തില്‍ നിര്‍ണയിച്ച സര്‍വീസ് കാലയളവുകള്‍ക്കനുസരിച്ച് നേരത്തെയും വൈകിയും വിരമിക്കാന്‍ വിശാലമായ ഓപ്ഷനുകള്‍ പുതിയ നിയമം നല്‍കുന്നു. സിവില്‍ റിട്ടയര്‍മെന്റ് നിയമത്തിലോ ഗോസിയിലോ മുമ്പ് വരിചേര്‍ന്നിട്ടില്ലാത്ത, സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കു മാത്രാണ് പുതിയ നിയമം ബാധകമാവുക.
പുതിയ നിയമം അനുസരിച്ച് പങ്കാളിത്ത പെന്‍ഷന്‍ ആനുകൂല്യം ലഭിക്കാന്‍ റിട്ടയര്‍മെന്റ് പ്രായം 58 മുതല്‍ 65 വയസ് വരെയായിരിക്കും. നിലവില്‍ ഇത് 60 വയസ് ആണ്. വളണ്ടറി റിട്ടയര്‍മെന്റിന് 25 മുതല്‍ 30 വരെ വര്‍ഷം പെന്‍ഷന്‍ വരിസംഖ്യ അടച്ചിരിക്കണം. നിലവില്‍ പങ്കാളിത്ത പെന്‍ഷന്‍ വരിസംഖ്യ അടക്കുന്നവര്‍ക്ക് നിലവിലെ സിവില്‍ റിട്ടയര്‍മെന്റ്, ഗോസി നിയമങ്ങളായിരിക്കും തുടര്‍ന്നും ബാധകം.