ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപോരാട്ടം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഫുൾഹാമിനെ തകർത്ത് ആഴ്സണൽ ഒന്നാം സ്ഥാനത്ത് ആധിപത്യം ഉറപ്പിച്ചു. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളും നേടിയാണ് ഗണ്ണേഴ്സ് വിജയം പിടിച്ചെടുത്തത്. ഈ വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയെക്കാൾ ആറ് പോയിന്റ് മുന്നിലെത്താൻ ആഴ്സണലിന് സാധിച്ചു.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിച്ച ആഴ്സണലിനായി സ്വീഡിഷ് താരം വിക്ടർ യോക്കിറസ് ഇരട്ട ഗോളുകൾ നേടി തിളങ്ങി. ഒൻപതാം മിനിറ്റിൽ ബുക്കായോ സാക്കയുടെ പാസിൽ നിന്നായിരുന്നു യോക്കിറസിന്റെ ആദ്യ ഗോൾ. തുടർന്ന് നാൽപ്പതാം മിനിറ്റിൽ സാക്ക തന്നെ ടീമിന്റെ രണ്ടാം ഗോൾ വലയിലെത്തിച്ചു. ആദ്യ പകുതിയുടെ അധിക സമയത്ത് (45+4′) യോക്കിറസ് തന്റെ രണ്ടാം ഗോളും നേടി ആഴ്സണലിന്റെ പട്ടിക പൂർത്തിയാക്കി.
പ്രീമിയർ ലീഗിൽ നടന്ന മറ്റ് മത്സരങ്ങളിലും ഏകപക്ഷീയമായ ഫലങ്ങളാണ് ഉണ്ടായത്. സെന്റ് ജയിംസ് പാർക്കിൽ നടന്ന പോരാട്ടത്തിൽ ന്യൂകാസിൽ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്രൈറ്റനെ പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തിൽ ബ്രെന്റ്ഫോർഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വെസ്റ്റ് ഹാമിനെ നിലംപരിശാക്കി. അതേസമയം, വോൾവ്സും സണ്ടർലൻഡും തമ്മിൽ നടന്ന മത്സരം ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
35 മത്സരങ്ങൾ പൂർത്തിയാക്കിയ പീരങ്കിപ്പട 76 പോയിന്റുമായി ഒന്നാമതും രണ്ടു മത്സരം കുറവ് കളിച്ച് മാഞ്ചസ്റ്റർ സിറ്റി 70 പോയിന്റുമായി രണ്ടാമതും ആണ്.



