തിരുവനന്തപുരം- നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയി എന്ന കേസില്‍ ആരോപണത്തിന് തെളിവില്ലെന്ന് പൊലീസ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. കൃഷ്ണകുമാറിന്റേയും ദിയയുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണക്കുകയായിരുന്നു കോടതി. ഇരുവരുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. പരാതിക്കാരിയെ തട്ടിക്കൊണ്ടു പോയതായി പറയുന്നതല്ലാതെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും പൊലീസ് വിശദീകരിച്ചു.
ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളാണ് തങ്ങളെ കൃഷ്ണകുമാറും കുടുംബവും തട്ടിക്കൊണ്ടുപോയെന്ന് പരാതി നല്‍കിയത്. അതേസമയം ദിയ നല്കിയ കേസില്‍ സ്ഥാപനത്തിലെ ജീവനക്കാരികള്‍ നല്കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. പൊലീസ് റിപ്പോര്‍ട്ടിലെ വ്യക്തതക്കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
കേസിലെ ഒന്നാംപ്രതി വിനിതയുടെ ഭര്‍ത്താവും നാലാം പ്രതിയുമായ ആദര്‍ശിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുമുണ്ട്. ജീവനക്കാര്‍ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്റെ ആരോപണം. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അധികം വൈകാതെ കൃഷ്ണകുമാറും മകള്‍ ദിയയും കുടുംബവും തങ്ങളെ തട്ടിക്കൊണ്ടുപോയി എന്നും പണം തട്ടിയെടുത്തുവെന്നും ആരോപിച്ചു ജീവനക്കാരികളും പരാതിയുമായി രംഗത്ത് വരികയായിരുന്നു.