കോഴിക്കോട്- യെമൻ പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ. കൊല്ലപ്പെട്ട യെമനി പൗരന്റെ കുടുംബവുമായി കാന്തപുരം അബൂബക്കർ മുസ്ലിയാർ ബന്ധപ്പെട്ടു.
യെമനിലെ പ്രധാന സൂഫി പണ്ഡിതൻ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് മുഖാന്തിരമാണ് കാന്തപുരം ഇടപെടൽ നടത്തിയത്. തലാലിന്റെ സഹോദരനുമായി സംസാരിച്ച കാന്തപുരം നോർത്ത് യമൻ ഭരണകൂടവുമായും സംസാരിച്ചു.
രണ്ടു ദിവസം മുമ്പ് ചാണ്ടി ഉമ്മനാണ് വിഷയത്തിൽ ഇടപെടണം എന്നഭ്യർത്ഥിച്ച് കാന്തപുരത്തെ ബന്ധപ്പെട്ടത്. മർക്കസുമായി നിരന്തരം ബന്ധപ്പെടുന്ന ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളിനെ കാന്തപുരം ഈ വിഷയം ധരിപ്പിക്കുകയും അദ്ദേഹം തലാലിന്റെ കുടുംബവുമായി ബന്ധപ്പെടുകയുമായിരുന്നു. തലാലിന്റെ സഹോദരനുമായും സംസാരിച്ചു. ഇതാദ്യമായാണ് തലാലിന്റെ കുടുംബവുമായി നിമിഷ പ്രിയയുടെ ഭാഗത്തുനിന്ന് ഒരാൾക്ക് സംസാരിക്കാൻ കഴിയുന്നത്. കുടുംബവുമായി നിരന്തരം സംസാരിക്കുന്നുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് ഈ നീക്കം നടക്കുന്നത്.
നിർണായക നീക്കമാണ് നടക്കുന്നതെന്നും ശുഭപ്രതീക്ഷയുണ്ടെന്നും കാന്തപുരം അബൂബക്കർ മുസ്ലിയാർ ദ മലയാളം ന്യൂസിനോട് പറഞ്ഞു. ഈ മാസം 16-നാണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന് യെമൻ അധികൃതർ അറിയിച്ചിരുന്നത്.