അമ്മയെ കാത്തിരിക്കുകയാണെന്ന് നിമിഷ പ്രിയ ദ മലയാളം ന്യൂസിനോട്
ജിദ്ദ-യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ അമ്മ പ്രേമ കുമാരി ഈ മാസം 20ന് യെമനിലേക്ക് പുറപ്പെടും. യെമനിലെത്തി നിമിഷ പ്രിയയെ കാണുന്നതിന് ദൽഹി ഹൈക്കോടതി അനുമതി നൽകിയ സഹചര്യത്തിലാണ് സന്ദർശനം. കൊച്ചിയിൽനിന്ന് മുംബൈ വഴിയാണ് പ്രേമകുമാരി യെമനിലേക്ക് പുറപ്പെടുന്നത്.
നിമിഷ പ്രിയ കേസിൽ യെമനിൽ നിയമനടപടികൾക്കും ചർച്ചകൾക്കും നേതൃത്വം നൽകുന്ന സാമുവേൽ ജെറോമും പ്രേമകുമാരിയെ അനുഗമിക്കും. അതേസമയം, ഇരുവർക്കും അനുവദിച്ച വിസക്ക് ഇനി ഒരു മാസത്തെ കാലാവധി മാത്രമാണുള്ളത്. വിസ കാലാവധി പിന്നീട് ദീർഘിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് അമ്മ പ്രേമകുമാരിക്ക് മകളെ കാണാനാകുന്നത്.
താൻ അമ്മയെ കാത്തിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നിമിഷ പ്രിയ ദ മലയാളം ന്യൂസിനോട് സൻആയിലെ ജയിലിൽനിന്ന് പറഞ്ഞിരുന്നു.
യെമനിലെത്തി മകളെ കാണുന്നതിനുള്ള പ്രേമകുമാരിയുടെയും സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെയും അപേക്ഷ നേരത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. യെമനിലെ രാഷ്ട്രീയ സഹചര്യമായിരുന്നു ഇതിന് കാരണം പറഞ്ഞത്. പിന്നീട്, ദൽഹി ഹൈക്കോടതിയാണ് അമ്മക്കും സാമുവേൽ ജെറോമിനും പോകാൻ അനുമതി നൽകിയത്. ഇരുവരും സ്വന്തം ഉത്തരവാദിത്വത്തിലാണ് യെമനിലേക്ക് പോകുന്നത്.
യെമൻ പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾക്കായാണ് പ്രേമകുമാരി യെമനിലേക്ക് പോകുന്നത്. 2017 ൽ ബിസിനസ് പങ്കാളിയായ തലാൽ മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷയെ 2020ൽ യമൻ കോടതി വധശിക്ഷക്ക് വിധിച്ചത്. തലാലിന്റെ മാതാപിതാക്കളുമായി കേസിനെ സംബന്ധിക്കുന്ന ചർച്ചകൾ നടത്താൻ യമനിലേക്ക് പോകാനുള്ള അനുവാദം വേണമെന്നാവശ്യപ്പെട്ടാണ് പ്രേമകുമാരി ദൽഹി ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ യെമനിലേക്ക് പോകുന്നത് അനുവദിക്കാനാകില്ലെന്ന് വിദേശകാര്യമന്ത്രാലയം നിലപാട് സ്വീകരിച്ചു. നിമിഷ പ്രിയ ജയിലിൽ കഴിയുന്ന സൻആ മേഖലയിലെ രാഷ്ട്രീയ അസ്ഥിരാവസ്ഥയായിരുന്നു കാരണം പറഞ്ഞത്.
പ്രതികൂലമായ സാഹചര്യങ്ങളെത്തുടർന്ന് യമനിലെ ഇന്ത്യൻ എംബസി ജിബൂട്ടിയിലേക്ക് മാറ്റിയതിനാൽ പ്രേമകുമാരിയുടെ സുരക്ഷ ഉറപ്പാക്കാൻ തങ്ങൾക്ക് കഴിയില്ല എന്നായിരുന്നു വിദേശകാര്യവകുപ്പിന്റെ വിശദീകരണം.