ന്യൂഡല്‍ഹി– നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഗുരുതര ആരോപണവുമായി ഇ.ഡി. കോണ്‍ഗ്രസ് നേതാക്കളായ സാം പിത്രോദ, സുമന്‍ ദുബെ എന്നിവരെയുള്‍പ്പെടെ പ്രതികളാക്കി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നാഷണല്‍ ഹെറാള്‍ഡ് പ്രസാധകരായ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ (എ.ജെ.എല്‍) 2000 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഗൂഢാലോചന നടത്തി 99 ശതമാനം ഓഹരികളും 50 ലക്ഷം രൂപക്ക് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കൈക്കലാക്കിയെന്ന് ഇ.ഡി. പ്രസാധകരായ അസോസിയേറ്റ് ജേര്‍ണല്‍ ലിമിറ്റഡിലൂടെ കള്ളപ്പണം വെളുപ്പിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അഞ്ച് വ്യക്തികള്‍ക്കം രണ്ട് കമ്പനികള്‍ക്കും എതിരെയാണ് ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സാം പിത്രോദ, സുനില്‍ ഭണ്ഡാരി, സുമെന്‍ ദുബെ എന്നിവര്‍ക്ക് പുറമെ യങ് ഇന്ത്യ, ഡോടെക്‌സ് മെര്‍ച്ചന്‍ഡൈസ് എന്നീ കമ്പനികള്‍ക്കെതിരെയുമാണ് കുറ്റപത്രം ഫയല്‍ ചെയ്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും 76 ശതമാനം ഓഹരി പങ്കാളിത്തമുള്ള യങ് ഇന്ത്യ കമ്പനി അസോസിയേറ്റഡ് ജേര്‍ണലിന് 50 ലക്ഷം രൂപ വായ്പ നല്‍കി. പിന്നീട് വായ്പ തിരിച്ചടക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ 99 ശതമാനം ഓഹരികളും യങ് ഇന്ത്യ കമ്പനിയുടെ പേരിലേക്ക് മാറ്റിയെന്ന് ഇ.ഡി അവകാശപ്പെടുന്നു.
അസോസിയേറ്റഡ് ജേർണൽസ് വസ്തുക്കൾ ഉപയോഗിച്ച് വാടക ബില്ലുകള്‍ ചമച്ചെന്നും 2017-18 കാലഘട്ടത്തില്‍ വാടകയായി 38.41 കോടി രൂപ കൈപ്പറ്റിയെന്ന രേഖയുണ്ടാക്കിയെന്നും എന്നാല്‍ ഈ വാടക കൈപ്പറ്റിയിട്ടില്ലെന്നും ഇ.ഡി ചൂണ്ടി കാണിക്കുന്നു. നാഷണല്‍ ഹെറാള്‍ഡ് ദിന പത്രത്തിന്റെ പരസ്യവരുമാനത്തിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നണ് ഇ.ഡി പറയുന്നത്. കമ്പനി നിയമത്തിലെ സെക്ഷന്‍ 25 പ്രകാരം യംങ് ഇന്ത്യന്‍ കമ്പനിയെ ലാഭേച്ഛയില്ലാത്ത കമ്പനിയായി പട്ടികപ്പെടുത്തിയില്ലെങ്കിലും കമ്പനിയില്‍ അത്തരത്തിലുള്ള ഒരു ജീവകാരുണ്യ പ്രവര്‍ത്തനവും നടന്നിട്ടില്ലെന്ന് ഇ.ഡി കണ്ടെത്തി.