1957 ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ മുഖ്യശില്പികളിൽ ഒരാൾ, അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി, ലക്ഷം വീട് പദ്ധതിയുടെ പ്രയോക്താവ്, സാധാരണക്കാരായ ജനങ്ങൾക്കിടയിൽ ജീവിച്ചു മരിച്ച യഥാർത്ഥ സഖാവ് – അതായിരുന്നു എം. എൻ ഗോവിന്ദൻ നായർ. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് അനുഭവങ്ങളിൽ നിന്നുള്ള ചില ഏടുകൾ : തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്കിടയിലും എം.എന്‍. ഗോവിന്ദന്‍ നായര്‍ പതിവു തെറ്റിക്കുകയില്ല – മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശനത്തോടെയാണ് അദ്ദേഹത്തിന്റെ ദിവസമാരംഭിക്കുക. പാര്‍ട്ടി സെക്രട്ടറി ആയാലും മന്ത്രി ആയാലും എം.പി ആയാലും ഒന്നുമല്ലെങ്കിലും ഇന്ത്യയിലാകെ അറിയപ്പെടുന്ന ആ കമ്യൂണിസ്റ്റ് നേതാവ് വര്‍ഷങ്ങളായി തുടരുന്ന ഈ യജ്ഞം തിരുവനന്തപുരത്തുണ്ടെങ്കില്‍ മുടക്കുക അത്യപൂര്‍വമായി മാത്രം.
രോഗികളുടെ കിടക്കയ്ക്ക് അരികിലെത്തി വിവരങ്ങള്‍ ചോദിച്ചറിയും, അവരേയും ആശ്രിതരേയും സാന്ത്വനിപ്പിക്കും. ബന്ധപ്പെട്ട ഡോക്ടര്‍മാരോട് രോഗനിലയെപ്പറ്റി ഒരു രക്ഷിതാവിന്റെ ഉത്തരവാദിത്തത്തോടെ ആരായും.
എട്ടു മണിയോടെ സഹപ്രവര്‍ത്തകരോടൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുകയായി. ചെല്ലപ്പെട്ടിയുമായി മുറുക്കിച്ചുവപ്പിച്ച എം.എന്‍ വരുന്നത് കണ്ടാല്‍ കക്ഷിഭേദമന്യേ ആളുകള്‍ ഓടിക്കൂടും. എല്ലാം മറന്ന് അദ്ദേഹത്തിന് അവര്‍ സിന്ദാബാദ് വിളിക്കും. സ്വതസ്സിദ്ധമായ പൊട്ടിച്ചിരിയോടെ അദ്ദേഹം എല്ലാവരേയും അഭിവാദ്യം ചെയ്യും. ഓരോരുത്തരോടും വീട്ടുവിശേഷങ്ങള്‍ തിരക്കും. പിന്നെ ചോദിക്കും: തനിക്കിവിടെ വോട്ടുണ്ടോ?
ഉത്തരമെന്തായാലും എം.എന്‍. പറയും: കാര്യങ്ങളെല്ലാമറിയാമല്ലോ?
എനിക്ക് വോട്ട് ചെയ്യണമെന്ന സ്ഥാനാര്‍ഥികളുടെ സ്ഥിരം അഭ്യര്‍ഥന എം.എന്റെ ശൈലിയല്ല. കാര്യങ്ങളെല്ലാമറിയാമല്ലോ എന്ന വാക്കില്‍ എല്ലാമടങ്ങിയിട്ടുണ്ട്. 1951 ല്‍ വന്‍ ഭൂരിപക്ഷത്തോടെ ഭരണിക്കാവ് മണ്ഡലത്തില്‍ നിന്ന് തിരു – കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ആരംഭിച്ച എം.എന്റെ പാര്‍ലമെന്ററി ജീവിതം പത്തനാപുരം, ചടയമംഗലം, പുനലൂര്‍ മണ്ഡലങ്ങളുടെ പ്രാതിനിധ്യത്തോടെ നിയമസഭയിലും 1977 ല്‍ തിരുവനന്തപുരത്തിന്റെ പ്രാതിനിധ്യത്തോടെ ലോക്‌സഭയിലും തിളക്കമേറ്റി. എന്നാല്‍ തന്റെ അവസാന തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് ഒരു ലക്ഷം വോട്ടിന്റെ വ്യത്യാസത്തിന്, കേരള ക്രൂഷ്‌ച്ചേവ് എന്നറിയപ്പെട്ട എം.എന്, തിരുവനന്തപുരത്തിന് പുറത്ത് അത്രയൊന്നും അറിയപ്പെടാതിരുന്ന എ. നീലലോഹിതദാസൻ നാടാർ എന്ന യുവാവിനോട് അടിയറവ് പറയേണ്ടി വന്നു. ദുരന്തപര്യവസായിയായ ഒരു തെരഞ്ഞെടുപ്പ് അനുഭവമായി, സി. പി. ഐ യെ സംബന്ധിച്ചേടത്തോളംആ പരാജയം.