ലഖ്‌നൗ: ടേബിള്‍ ടോപ്പര്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ കുതിപ്പിന് സ്വന്തം തട്ടകത്തില്‍ തടയിട്ട് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. നിക്കോളാസ് പൂരാന്റെ(61) വെടിക്കെട്ട് ബാറ്റിങ്ങിന്റെയും ഐഡന്‍ മാര്‍ക്രാമിന്റെ(58) അര്‍ധസെഞ്ച്വറിയുടെയും കരുത്തില്‍ ആറു വിക്കറ്റിന്റെ അനാസായ വിജയമാണ് ഋഷഭ് പന്തും സംഘവും നേടിയത്. തോല്‍വിയോടെ ഗുജറാത്ത് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് വീണു. എട്ടു പോയിന്‍റുമായി ലഖ്‌നൗ തൊട്ടുപിന്നിലുമുണ്ട്.
180 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുമായി ഇറങ്ങിയ ലഖ്‌നൗവിനു മികച്ച തുടക്കമാണ് മാര്‍ക്രാമും മിച്ചല്‍ മാര്‍ഷിന്റെ അഭാവത്തില്‍ ഓപണര്‍ റോളിലെത്തിയ പന്തും നല്‍കിയത്. പന്ത് ഒരറ്റത്ത് താളം കണ്ടെത്താന്‍ അല്‍പം വിഷമിച്ചെങ്കിലും മറുവശത്ത് മാര്‍ക്രാം തകര്‍ത്തടിച്ചു. ഏഴാം ഓവറില്‍ 21 റണ്‍സുമായി പന്ത് വീണെങ്കിലും അത് ലഖ്‌നൗ ഇന്നിങ്‌സിനെ ഒട്ടും ബാധിച്ചില്ല. തുടര്‍ന്ന് പൂരാന്റെ വെടിക്കെട്ട് പൂരമായിരുന്നു അവിടെ കണ്ടത്. മികച്ച ഫോമിലുള്ള മുഹമ്മദ് സിറാജ് മുതല്‍ റാഷിദ് ഖാനും സായ് കിഷോറും വാഷിങ്ടണ്‍ സുന്ദറും ഉള്‍പ്പെടുന്ന ഗുജറാത്ത് ബൗളിങ് നിരയെ നാലു ഭാഗത്തേക്കും അടിച്ചുപറത്തുകയായിരുന്നു പൂരന്‍. അതിനിടയില്‍ മാര്‍ക്രാമിനെ പ്രസിദ് കൃഷ്ണ നായകന്‍ ഗില്ലിന്റെ കൈയിലെത്തിച്ചു. 31 പന്തില്‍ ഒന്‍പത് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 58 റണ്‍സെടുത്താണു താരം പുറത്തായത്.
മാര്‍ക്രാം പോയെങ്കിലും അതിവേഗം ഇന്നിങ്‌സ് തീര്‍ക്കാനുള്ള തിരക്കിലായിരുന്നു പൂരന്‍. കഴിഞ്ഞ മത്സരങ്ങളില്‍ കണ്ട അപാരഫോമില്‍ താരം ലഖ്‌നൗ മൈതാനത്ത് നിറഞ്ഞാടി. ഒടുവില്‍ റാഷിദ് ഖാന്റെ പന്തില്‍ പൂരാനും വീണു. 34 പന്തില്‍ ഏഴ് സിക്‌സറും ഒരു ബൗണ്ടറിയും പറത്തി 61 റണ്‍സാണ് പൂരാന്‍ അടിച്ചെടുത്തത്. ഒടുവില്‍ അവസാന ഓവറില്‍ ആയുഷ് ബദോനിയും അബ്ദുല്‍ സമദും ചേര്‍ന്നാണ് ടീമിനെ വിജയതീരത്തെത്തിച്ചത്.
നേരത്തെ, ടോസ് നേടി സന്ദര്‍ശകരെ ബാറ്റിനയച്ച ലഖ്‌നൗ നായകന്‍ ഋഷഭ് പന്തിനു നിരാശ നല്‍കുന്നതായിരുന്നു തുടക്കം. അപാര ഫോമിലുള്ള സായ് സുദര്‍ശനും ബിഗ് സ്‌കോര്‍ കണ്ടെത്താന്‍ വിഷമിച്ച ഗുജറാത്ത് നായകന്‍ ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ലഖ്‌നൗ ബൗളര്‍മാരെ ശരിക്കും പരീക്ഷിച്ചു. പതിയെ തുടങ്ങിയ ഇരുവരും പിച്ചിന്റെ ഗതി മനസിലാക്കി പിന്നീട് ഗിയര്‍ മാറ്റി. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമാകാതെ 54 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. പത്ത് ഓവര്‍ പിന്നിടും വരെ പത്ത് റണ്‍ ശരാശരിയില്‍ ഗില്ലും സായിയും ടീം ടോട്ടല്‍ മുന്നോട്ടുകൊണ്ടുപോയി. മനോഹരമായ ഷോട്ടുകളുമായ കളംനിറഞ്ഞു കളിച്ച യുവതാരങ്ങള്‍ക്കു മുന്നില്‍ പന്തിന്റെ പരീക്ഷണങ്ങളൊന്നും ഫലിച്ചില്ല.
മത്സരം കൈവിട്ടെന്നുറപ്പിച്ച ഘട്ടത്തില്‍ 13-ാം ഓവറില്‍ ആവേശ് ഖാന്‍ ലഖ്‌നൗവിനു നിര്‍ണായകമായ ബ്രേക്ത്രൂ നല്‍കി. ലോങ് ഓണില്‍ ഐഡന്‍ മാര്‍ക്രാമിന് ക്യാച്ച് നല്‍കി ഗില്‍ മടങ്ങി. 38 പന്ത് നേരിട്ട് ആറ് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 60 റണ്‍സെടുത്താണ് ഗുജറാത്ത് നായകന്‍ പുറത്തായത്. തൊട്ടടുത്ത ഓവറില്‍ സായ് സുദര്‍ശനും വീണു. ഇത്തവണ രവി ബിഷ്‌ണോയിക്കായിരുന്നു വിക്കറ്റ്. ബിഷ്‌ണോയിയെ ബൗണ്ടറിയിലേക്കു പറത്താനുള്ള ശ്രമം കവറില്‍ പൂരാന്റെ കൈകളിലൊതുങ്ങി. 37 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും പായിച്ച് 56 റണ്‍സെടുത്താണു താരം മടങ്ങിയത്.
ഗുജറാത്തിന്റെ ഓപണിങ് കൂട്ടുകെട്ട് പൊളിഞ്ഞതോടെ പന്തിന് ശ്വാസം നേരെ വീണു. പിന്നീട് ആതിഥേയര്‍ മത്സരത്തിലേക്കു തിരിച്ചുവരുന്ന കാഴ്ചയാണു കണ്ടത്. ജോസ് ബട്‌ലര്‍(14 പന്തില്‍ 16), ഷെര്‍ഫെയിന്‍ റൂതര്‍ഫോര്‍ഡ്(19 പന്തില്‍ 22) എന്നിവരെല്ലാം തപ്പിത്തടഞ്ഞപ്പോള്‍ 200 പിന്നിടേണ്ട സ്‌കോര്‍ 180 റണ്‍സിലൊതുങ്ങി.
ഗുജറാത്ത് ബൗളര്‍മാരില്‍ ഷര്‍ദുല്‍ താക്കൂറും രവി ബിഷ്‌ണോയിയും രണ്ടു വിക്കറ്റുമായി തിളങ്ങി. ദിഗ്‌വേഷ് റാഠിക്കും ആവേശ് ഖാനും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.