മാഡ്രിഡ് – വിയ്യ റയലിനെ തകർത്തു ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയൽ മാഡ്രിഡ്. കയിഞ്ഞ മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോട് വഴങ്ങിയ വൻ തോൽവിക്ക് ശേഷം പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട റയൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിയ്യ റയലിനെ പരാജയപ്പെടുത്തിയത്. റയലിന് വേണ്ടി വിനീഷ്യസ് ജൂനിയർ ഇരട്ട ഗോളുകൾ നേടിയപ്പോൾ മറ്റൊരു മത്സരത്തിലും ഗോൾ നേടി തന്റെ വേട്ട തുടർന്ന് കിലിയൻ എംബാപ്പെ. എതിരാളികളുടെ ആശ്വാസ ഗോൾ നേടിയത് ജോർജ്ജ് മിക്കൗതാഡ്സെയാണ്. പ്രതിരോധ താരം സാൻ്റിയാഗോ മൗറിനോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതും ഇവർക്ക് തിരിച്ചടിയായി.
ഗോൾ രഹിത സമനിലയായ ആദ്യ പകുതിക്ക് ശേഷം ഗോളുകൾ എല്ലാം പിറന്നത് രണ്ടാം പകുതിയിലാണ്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വിനീഷ്യസാണ് മത്സരത്തിലെ ആദ്യത്തെ വല കുലുക്കിയത്. എംബാപ്പെയായിരുന്നു ഗോളിന് വഴിയൊരുക്കിയത്. 68-ാം മിനുറ്റിൽ തന്നെ ഫൗൾ വെച്ചതിനെ തുടർന്ന് ലഭിച്ച പെനാൽറ്റിയും കൃത്യമായി വലയിൽ എത്തിച്ചു വിനീഷ്യസ് ലീഡ് ഇരട്ടിയാക്കി.
നാലു മിനിറ്റുകൾക്ക് ശേഷം മിക്കൗതാഡ്സെ റയലിന്റെ വലയിലേക്ക് പന്ത് എത്തിച്ചു എതിരാളികൾക്ക് പ്രതീക്ഷ നൽകി. എന്നാൽ 77-ാം മിനുറ്റിൽ മൗറിനോ രണ്ടാം മഞ്ഞ കാർഡും കണ്ടു പുറത്തായതോടെ റയലിന് കാര്യങ്ങൾ സുഖകരമായി. ഈ അവസരം മുതലാക്കി എംബാപ്പെ 81-ാം മിനുറ്റിൽ പന്ത് വലയിൽ എത്തിച്ചതോടെ റയൽ പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
എട്ടു മത്സരങ്ങളിൽ 21 പോയിന്റാണ് റയലിന് ഉള്ളത്. ബാർസ 19 പോയിന്റുമായി രണ്ടാം സ്ഥാനത്താണെങ്കിലും റയലിനേക്കാൾ ഒരു മത്സരം കുറവാണ്.
മറ്റു മത്സരങ്ങൾ
റയൽ ഒവിഡോ – 0
ലെവന്റെ – 2 ( കാർലോസ് അൽവരസ് – 30/ ഇയോങ് – 72)
ജിറോണ – 2 ( വനട്ട് – 18/ അർനു മാർട്ടിനെസ് – 63)
വലൻസിയ – 1 ( ഡയഗോ ലോപ്പസ് – 57)
അത്‌ലറ്റിക് ബിൽബാവോ -2 ( ഇനാക്കി വില്യംസ് – 9 പെനാൽറ്റി / റെഗോ – 82)
മയ്യോർക്ക -1 ( സമു – 77)