മാഡ്രിഡ് – മത്സരത്തിൽ 10 പേരായി ചുരുങ്ങിയിട്ടും റയലിന്റെ വിജയം തടയാനായില്ല. റയൽ സോസിഡാഡുമായി അവരുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വമ്പൻമാരുടെ വിജയം.
പന്ത്രണ്ടാം മിനുറ്റിൽ സൂപ്പർ താരം എംബാപ്പെയിലൂടെ മുന്നിലെത്തിയ റയലിന് തിരിച്ചടിയായി മത്സരത്തിന്റെ 32-ാം മിനുറ്റിൽ പ്രതിരോധനിര താരം ഡീൻ ഹുയ്‌സെൻ ചുവപ്പ് കാർഡ് കണ്ടുപുറത്തായി. എന്നാൽ ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് എംബാപ്പെ നൽകിയ പന്തിൽ നിന്ന് ഗോൾ നേടി അർദ ഗുലർ ലീഡ് ഇരട്ടിയാക്കി.
രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചുവരാനായി ആതിഥേയർ ശക്തമായി ആക്രമിച്ചു കളിച്ചതിന്റെ ഫലമായി 56-ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി വലയിൽ എത്തിച്ച് മൈക്കൽ ഒയർസാബൽ പ്രതീക്ഷകൾ നൽകി.
എന്നാൽ പിന്നീട് റയലിന്റെ പ്രതിരോധനിര ശക്തമായ നിന്നതിലൂടെ വിജയം എളുപ്പത്തിൽ കൈക്കലാക്കാൻ സാധിച്ചു.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ അത്‌ലറ്റികോ മാഡ്രിഡ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. കരുത്തരായ വിയ്യ റയലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സിമിയോണിയും സംഘവും തോൽപ്പിച്ചത്. അത്‌ലറ്റികോക്ക് വേണ്ടി ഒമ്പതാം മിനുറ്റിൽ പാബ്ലോ ബാരിയോസും, 52-ാം മിനുറ്റിൽ നിക്കോളാസ് ഗോൺസാലസുമാണ് ഗോളുകൾ നേടിയത്.
മറ്റു മത്സരങ്ങൾ
ഗെറ്റാഫെ – 2 ( മരിയോ മാർട്ടിൻ – 45+4 / ബോർജ മേയറൽ – 45+9)
റയൽ ഒവീഡോ – 0
അത്‌ലറ്റിക്കോ ബിൽബാവോ – 0
ഡിപോർട്ടീവോ അലാവസ് – 1 ( അലജാൻഡ്രോ ബെരെൻഗർ – 57 സെൽഫ്)