തെല്‍അവീവ് – ഇറാനും ലെബനോനും എതിരായ സൈനിക നടപടികൾ തുടരുന്നതിനിടയിൽ, ഇസ്രായിലിൽ പുറത്തുവന്ന പുതിയ അഭിപ്രായസർവേ ഫലങ്ങൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രതിരോധത്തിലാക്കുന്നു. ജനങ്ങളിൽ ഭൂരിഭാഗവും യുദ്ധം തുടരുന്നതിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, യുദ്ധം നയിക്കുന്നതിലെ നെതന്യാഹുവിന്റെ പ്രകടനത്തിൽ അവർ തൃപ്തരല്ലെന്ന് ചാനൽ 12 പ്രസിദ്ധീകരിച്ച സർവേ വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത 60 ശതമാനം പേർ ഇറാനെതിരായ യുദ്ധം തുടരണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ, 67 ശതമാനം പേർ ലെബനോനിലെ സൈനിക നീക്കത്തെ പിന്തുണച്ചു. എന്നാൽ, വ്യക്തിഗത സ്കോറുകളിൽ സൈനിക-രഹസ്യാന്വേഷണ വിഭാഗം തലവന്മാരേക്കാൾ വളരെ പിന്നിലാണ് നെതന്യാഹു. കരസേനാ മേധാവി ഇയാൽ സാമിറിന് 7.3 സ്കോറും മൊസാദ് തലവൻ ഡേവിഡ് ബാർണിയക്ക് 7.1 സ്കോറും ലഭിച്ചപ്പോൾ പ്രധാനമന്ത്രിക്ക് 5.6 സ്കോർ മാത്രമാണ് നേടാനായത്. പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്സ് (5), ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് (3) എന്നിവരുടെ നിലയും പരിതാപകരമാണ്.
ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കുന്നതും ആണവ പദ്ധതികൾ തകർക്കുന്നതുമാണ് യഥാർത്ഥ വിജയമെന്ന് പകുതിയോളം ഇസ്രായിലികളും വിശ്വസിക്കുന്നു. എന്നാൽ ഇറാനിൽ വലിയ നേട്ടങ്ങൾ കൈവരിക്കുന്നുവെന്ന സർക്കാരിന്റെ അവകാശവാദങ്ങൾ പൊതുജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടില്ലെന്ന് ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നു. നെതന്യാഹുവിന് കാര്യങ്ങൾ തുടങ്ങാൻ അറിയാമെങ്കിലും അവ വിജയകരമായി പൂർത്തിയാക്കാൻ അറിയില്ലെന്ന് മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് രൂക്ഷമായി വിമർശിച്ചു. ഗാസയിൽ പത്ത് തവണ വിജയം പ്രഖ്യാപിച്ചിട്ടും ഹമാസ് ഇപ്പോഴും ശക്തമായി തുടരുകയാണെന്നും, വടക്കൻ മേഖലയിൽ ഹിസ്ബുല്ല ദിനംപ്രതി റോക്കറ്റുകൾ വർഷിക്കുമ്പോൾ കുടിയേറ്റ കേന്ദ്രങ്ങൾ പുനർനിർമ്മിക്കാൻ പോലും സർക്കാരിന് കഴിയുന്നില്ലെന്നും ബെന്നറ്റ് കുറ്റപ്പെടുത്തി. തീരുമാനമെടുക്കാൻ ശേഷിയില്ലാത്ത തളർന്ന സർക്കാരാണ് ഇസ്രായിൽ ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയമായും തിരിച്ചടി നേരിടുന്ന സൂചനകളാണ് സർവേ നൽകുന്നത്. ഈ ആഴ്ച തിരഞ്ഞെടുപ്പ് നടന്നാൽ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിക്ക് സീറ്റുകൾ നഷ്ടപ്പെടുമെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം, മേഖലയിൽ അമേരിക്കൻ സൈനിക വിന്യാസം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധം ഇനിയും രണ്ടാഴ്ച മുതൽ നാലാഴ്ച വരെ നീണ്ടുനിൽക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സൂചന നൽകി. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് അധിക സൈനികരെയും പാരാട്രൂപ്പർമാരെയും അമേരിക്ക മിഡിൽ ഈസ്റ്റിലേക്ക് അയച്ചിട്ടുണ്ട്. ഇറാനും അതിന്റെ സഖ്യകക്ഷികളും പ്രത്യാക്രമണങ്ങൾ തുടരുന്നതിനിടയിലാണ് ഇസ്രായിലിനുള്ളിൽ നിന്ന് തന്നെ ഭരണകൂടത്തിനെതിരെ അതൃപ്തി ഉയരുന്നത്.



