റിയാദ്: റിയാദ് പ്രവിശ്യയിലെ ദവാദ്മിയിൽ നിന്ന് 65 കിലോമീറ്റർ അകലെ അൽജംശിയിലെ പെട്രോൾ ബങ്കിൽ വൈക്കോൽ ലോഡ് കയറ്റിയ ലോറിക്ക് തീപ്പിടിച്ചു. തീ ആളിപ്പടർന്ന ലോറി, സൗദി യുവാവ് മാഹിർ ഫഹദ് അൽദൽബഹി സ്വന്തം ജീവൻ പോലും വകവയ്ക്കാതെ അതിസാഹസികമായി പെട്രോൾ ബങ്കിൽ നിന്ന് ഓടിച്ചുനീക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.
ലോറിയിൽ തീ പടർന്നതോടെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഇത് കണ്ട മാഹിർ ഫഹദ് അൽദൽബഹി, ധൈര്യത്തോടെ ഡ്രൈവിംഗ് സീറ്റിൽ കയറി, തീപ്പിടിച്ച ലോറി പെട്രോൾ ബങ്കിൽ നിന്ന് സുരക്ഷിതമായി മാറ്റി. ഈ സാഹസിക പ്രവൃത്തിക്കിടെ യുവാവിന്റെ മുഖം, തല, കൈകാലുകൾ എന്നിവിടങ്ങളിൽ പൊള്ളലേറ്റു. അവശനിലയിൽ അദ്ദേഹത്തെ റിയാദിലെ കിംഗ് സൗദി മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചു.
മാഹിർ ഫഹദ് തീപ്പിടിച്ച ലോറി പെട്രോൾ ബങ്കിൽ നിന്ന് ഓടിച്ചുമാറ്റുന്നതിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഈ ധീരപ്രവൃത്തി പൊതുജനങ്ങളുടെ പ്രശംസയും ആദരവും നേടിയിട്ടുണ്ട്.