തെൽഅവീവ്: ഹമാസിന്റെ ആവശ്യങ്ങൾക്ക് കീഴടങ്ങാതെ തന്നെ ഇസ്രായിലി ബന്ദികളെ തിരിച്ചെത്തിക്കാൻ കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഹമാസിനെതിരായ യുദ്ധം ഒരു നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഹമാസിന്റെ ആവശ്യങ്ങൾക്ക് കീഴടങ്ങാതെ തന്നെ നമുക്ക് നമ്മുടെ ബന്ദികളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. യുദ്ധത്തിനുള്ള സ്ഥിരമായ അന്ത്യം വെടിനിർത്തൽ കരാറിൽ ഉൾപ്പെടുത്തണമെന്ന ഹമാസിന്റെ വ്യവസ്ഥ അംഗീകരിക്കില്ല. ഈ നിർണായക ഘട്ടത്തിൽ, വിജയം കൈവരിക്കാൻ നമുക്ക് ക്ഷമയും നിശ്ചയദാർഢ്യവും ആവശ്യമാണെന്നും ടെലിവിഷൻ പ്രസംഗത്തിൽ നെതന്യാഹു പറഞ്ഞു.
എല്ലാ ബന്ദികളെയും ഒരൊറ്റ കരാറിലൂടെ തിരിച്ചെത്തിക്കാമെന്ന ആശയം ചക്രത്തിലെ ഒരു തിരിവ് മാത്രമാണെന്ന് ഇസ്രായിലിന്റെ ചാനൽ 12-ലെ മീറ്റ് ദി പ്രസ്സ് പരിപാടിക്ക് നൽകിയ അഭിമുഖത്തിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ വക്താവ് പറഞ്ഞു. ഒരു കരാർ കൊണ്ട് എല്ലാവരെയും തിരികെ കൊണ്ടുവരിക അസാധ്യമാണെന്ന് ഒമർ ദോസ്ത്രി പറഞ്ഞു.
ബന്ദികളെ തിരികെ എത്തിക്കാൻ ആഗ്രഹിക്കാത്തവരായി ആരുമില്ല. അവരെ തിരികെ കൊണ്ടുവരാൻ ഞങ്ങൾ എല്ലാം ചെയ്യുന്നുണ്ട്. മുഴുവൻ ബന്ദികളെയും തിരികെ കൊണ്ടുവരുന്ന നിമിഷം ഞങ്ങൾ ഹമാസിനെ ഇല്ലാതാക്കും. എല്ലാ ബന്ദികൾക്കും വേണ്ടി ഒരു കരാർ ഉണ്ടാക്കുക അസാധ്യമാണ്. ഇങ്ങനെ കരാറുണ്ടാക്കുന്നതിന് യുദ്ധം അവസാനിപ്പിക്കണമെന്ന് ഹമാസ് ആവശ്യപ്പെടുന്നു-ഒമർ ദോസ്ത്രി പറഞ്ഞു.
വെടിനിർത്തൽ, ഗാസയിൽ നിന്ന് ഇസ്രായിലിന്റെ പിൻമാറ്റം, പുനർനിർമാണം ആരംഭിക്കൽ എന്നിവക്ക് പകരമായി ബന്ദികളെ കൈമാറുന്നതിന് സമഗ്രമായ കരാറിലെത്താനുള്ള സന്നദ്ധത ഹമാസ് ആവർത്തിച്ചു. ഗാസയുടെ ഭരണത്തിനായി സ്വതന്ത്ര വ്യക്തികൾ മാത്രം ഉൾപ്പെട്ട പ്രത്യേക കമ്മിറ്റി രൂപീകരിക്കാനുള്ള ഈജിപ്ത് നിർദേശം സമഗ്രമായ വെടിനിർത്തൽ കരാറിലെത്തിയ ശേഷം ഉടൻ നടപ്പിലാക്കാൻ തയാറാണെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.
ഗാസയിൽ നിന്നുള്ള ഇസ്രായിലിന്റെ പിൻവാങ്ങൽ ഉറപ്പാക്കുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ഇസ്രായിൽ ജയിലുകളിൽ കഴിയുന്ന നിശ്ചിത എണ്ണം ഫലസ്തീനികൾക്കു പകരം ഇസ്രായിലി ബന്ദികളെ കൈമാറാനുള്ള കരാറിന്റെ കാര്യത്തിൽ ഉടൻ ചർച്ച നടത്താൻ ഹമാസ് തയാറാണെന്ന് ഗാസയിലെ ഹമാസ് നേതാവ് ഖലീൽ അൽഹയ്യ പറഞ്ഞു. താൽക്കാലിക വെടിനിർത്തൽ കരാർ ഹമാസ് നിരാകരിച്ചതായി, ഇസ്രായിലുമായുള്ള പരോക്ഷ ചർച്ചകളിൽ ഹമാസിന്റെ ചർച്ചാ സംഘത്തെ നയിക്കുന്ന ഖലീൽ അൽഹയ്യ വ്യാഴാഴ്ച ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു.
സമഗ്ര പാക്കേജിനെക്കുറിച്ചുള്ള ചർച്ചകൾ ഉടൻ ആരംഭിക്കാൻ ഞങ്ങൾ തയാറാണെന്ന് ഞങ്ങൾ സ്ഥിരീകരിക്കുന്നു. സമഗ്ര പാക്കേജ് ചർച്ചകളിൽ മുഴുവൻ ഇസ്രായിലി ബന്ദികളെയും ഇസ്രായിൽ തടവിലാക്കിയിരിക്കുന്ന നിശ്ചിത എണ്ണം ഫലസ്തീനികളെയും മോചിപ്പിക്കുന്നതും യുദ്ധം പൂർണമായും അവസാനിപ്പിക്കുന്നതും ഗാസയിൽ നിന്ന് ഇസ്രായിൽ സൈന്യം പൂർണമായി പിൻവാങ്ങുന്നതും ഉൾപ്പെടുന്നു- ഖലീൽ അൽഹയ്യ പറഞ്ഞു.