- മക്ക റൂട്ട് പദ്ധതി ഏഴു രാജ്യങ്ങളിലെ 11 എയർപോർട്ടുകളിൽ
ജിദ്ദ: സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പായി സ്വദേശങ്ങളിൽ വെച്ച് തീർത്ഥാടകരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കൽ, ഇ വിസ അനുവദിക്കൽ, സൗദിയിലേക്ക് പുറപ്പെടുന്ന രാജ്യത്തെ വിമാനത്താവളത്തിൽ വെച്ച് ജവാസാത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കൽ, മക്കയിലെയും മദീനയിലെയും താമസ, യാത്രാ ക്രമീകരണങ്ങൾക്കനുസരിച്ച് ലഗേജുകൾ തരംതിരിച്ച് കോഡിംഗ് നടത്തൽ എന്നിവ അടക്കം സൗദിയിലേക്കുള്ള മുഴുവൻ പ്രവേശന നടപടിക്രമങ്ങളും തീർത്ഥാടകരുടെ രാജ്യങ്ങളിൽ വെച്ച് മുൻകൂട്ടി പൂർത്തിയാക്കുന്ന മക്ക റൂട്ട് പദ്ധതി ഏഴു രാജ്യങ്ങളിലെ പതിനൊന്നു അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നടപ്പാക്കുന്നത് ആഭ്യന്തര മന്ത്രാലയം ഈ വർഷവും തുടരുന്നു.
മൊറോക്കൊ, ഇന്തോനേഷ്യ, മലേഷ്യ, പാക്കിസ്താൻ, ബംഗ്ലാദേശ്, തുർക്കി, കോട്ട് ഡി ഐവർ എന്നീ ഏഴു രാജ്യങ്ങളിലെ 11 അന്താരാഷ്ട്ര എയർപോർട്ടുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വർഷവും ഇതേ രാജ്യങ്ങളിലെ ഈ വിമാനത്താവളങ്ങളിൽ മക്ക റൂട്ട് പദ്ധതി നടപ്പാക്കിയിരുന്നു.
പദ്ധതി പ്രയോജനപ്പെടുത്തി ജിദ്ദയിലെയും മദീനയിലെയും വിമാനത്താവളങ്ങളിലെത്തുന്ന തീർത്ഥാടകർക്ക് എയർപോർട്ടുകളിൽ വിമാനമിറങ്ങിയാലുടൻ യാതൊരുവിധ നടപടിക്രമങ്ങളും പൂർത്തിയാക്കാൻ കാത്തുനിൽക്കാതെ പ്രത്യേക ട്രാക്കുകളിലൂടെ പുറത്തിറങ്ങി നേരെ ബസുകളിൽ കയറി മക്കയിലെയും മദീനയിലെയും താമസസ്ഥലങ്ങളിലേക്ക് പോകാൻ സാധിക്കും. ഹാജിമാരുടെ ലഗേജുകൾ ബന്ധപ്പെട്ട വകുപ്പുകൾ പിന്നീട് മക്കയിലെയും മദീനയിലെയും താമസസ്ഥലങ്ങളിൽ നേരിട്ട് എത്തിച്ച് നൽകും.
തുടർച്ചയായി ഇത് ഏഴാം വർഷമാണ് മക്ക റൂട്ട് പദ്ധതി നടപ്പാക്കുന്നത്. വിദേശ, ആരോഗ്യ, ഹജ് ഉംറ, മീഡിയ മന്ത്രാലയങ്ങളും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയും സൗദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റിലജൻസും പിൽഗ്രിംസ് സർവീസ് പ്രോഗ്രാമും ജവാസാത്ത് ഡയറക്ടറേറ്റും സഹകരിച്ചാണ് മക്ക റൂട്ട് പദ്ധതി നടപ്പാക്കുന്നത്. സൗദി വിഷൻ 2030 പ്രോഗ്രാമുകളിലൊന്നായ പിൽഗ്രിംസ് സർവീസ് സംരംഭങ്ങളിലൊന്നാണ് മക്ക റൂട്ട് പദ്ധതി. കഴിഞ്ഞ വർഷം വരെ 9,40,657 ഹജ് തീർത്ഥാടകർക്ക് പദ്ധതി പ്രയോജനപ്പെട്ടു.
അതിനിടെ, മക്ക റൂട്ട് പദ്ധതി ഗുണഭോക്താക്കളെയും വഹിച്ചുള്ള ആദ്യ വിമാനം മലേഷ്യയിലെ ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. മലേഷ്യൻ മതകാര്യ മന്ത്രി ഡോ. മുഹമ്മദ് നഈം ബിൻ മുഖ്താറിന്റെ സാന്നിധ്യത്തിലാണ് ആദ്യ ഹജ് സംഘം പുണ്യഭൂമിയിലേക്ക് യാത്ര തിരിച്ചത്.