ബെയ്റൂത്ത് – ഇസ്രായിലും ഹിസ്ബുല്ലയും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടെങ്കിലും, തെക്കന്‍ ലെബനോനിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര് കൊല്ലപ്പെടുകയും മൂന്ന് കുട്ടികള്‍ അടക്കം 51 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനോന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ 17 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം കുറഞ്ഞത് 40 ആയി ഉയര്‍ന്നതായി ലെബനോന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് 2 മുതല്‍ ഞായറാഴ്ച അര്‍ധരാത്രി വരെ ഇസ്രായിലി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2,521 ആയി ഉയര്‍ന്നതായും 7,804 പേര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയത്തിനു കീഴിലെ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു. ഗന്ദൂരിയ, മജ്ദല്‍ സലം ഗ്രാമങ്ങളില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങള്‍ നടത്തിയതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അല്ബയാദിയ ഗ്രാമത്തിന്റെ പ്രാന്തപ്രദേശങ്ങള്‍ ഇസ്രായില്‍ സൈന്യം അരിച്ചുപെറുക്കി. റബ്ബ് അല്സലാസീന് ഗ്രാമത്തില്‍ സൈന്യം വീടുകള്‍ സ്ഫോടനത്തിലൂടെ തകര്‍ത്തു.
കിഴക്കന്‍, തെക്കന്‍ ലെബനോനിലെ ഹിസ്ബുല്ല അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഒരു ഭൂഗര്‍ഭ കോമ്പൗണ്ട് ഉള്‍പ്പെടെ 50 ലധികം ഹിസ്ബുല്ല കേന്ദ്രങ്ങള്‍ സമീപ ദിവസങ്ങളില്‍ നശിപ്പിച്ചതായി സൈന്യം അവകാശപ്പെട്ടു. അതിര്‍ത്തി നഗരമായ ബിന്ത് ജബെയിലില് പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ ഒരു സൈനിക ബുള്‍ഡോസറും മറ്റൊരു അതിര്‍ത്തി ഗ്രാമത്തില്‍ മെര്‍ക്കാവ ടാങ്കും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു.



