ജിദ്ദ : യോഗ, യോഗാസന എന്നിവയുടെ അന്താരാഷ്ട്ര ഗവേണിംഗ് ബോഡിയായി രൂപം കൊണ്ട യോഗ ഗ്ലോബൽ ഫെഡറേഷൻ പ്രവർത്തനം തുടങ്ങി. കുവൈറ്റ് രാജകുടുംബത്തിൽ നിന്നുള്ള പ്രമുഖ വനിതയും ഈ വർഷത്തെ പദ്മശ്രീ പുരസ്‌കാര ജേതാവുമായ ഷെയ്ഖാ അൽ സബാഹ് പ്രസിഡന്റും സൗദിയിലെ മികച്ച കായിക സംഘാടക അൽ വലീദ് അൽ കെയ്‌ദ് ജനറൽ സെക്രട്ടറിയായുമാണ് യോഗ ഗ്ലോബൽ ഫെഡറേഷൻ കഴിഞ്ഞ ദിവസം റിയാദിൽ ചേർന്ന യോഗത്തിൽ രൂപം കൊണ്ടത്. അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.


2026 ജൂണിൽ ഫെഡറേഷന്റെ നേതൃത്വത്തിൽ ആദ്യത്തെ അന്താരാഷ്ട്ര യോഗ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നടത്താൻ തീരുമാനിച്ചു. അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 ന് അഞ്ച് ഗൾഫ് രാജ്യങ്ങളിലെയും കായിക മന്ത്രാലയങ്ങളുമായി സഹകരിച്ചാവും യോഗ ചാമ്പ്യൻഷിപ്പ് നടത്തുക.


‘ യോഗയുടെ ലോകത്ത് ഇനി ഞങ്ങൾ ഒരു കുടക്കീഴിൽ ‘ – ഷെയ് ഖാ അൽ സബാഹ് വ്യക്തമാക്കി. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക, ഓഷ്യാന ഭൂകണ്ഡങ്ങളിൽ നിന്നുള്ള രാഷ്ട്രങ്ങളിലെ യോഗ തൽപരരെക്കൂടി ഉൾപ്പെടുത്തി ഗ്ലോബൽ യോഗ ഫെഡറേഷൻ വിപുലമാക്കുമെന്നും ഷെയ്ഖാ സബാഹ് പറഞ്ഞു.



