റിയാദ്– കെഎംസിസി കുടുംബ സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ നിന്ന് നാല് കുടുംബങ്ങള്‍ക്ക് നാല്‍പത് ലക്ഷം രൂപ നല്‍കി റിയാദ് കെഎംസിസി. പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരിച്ച നാല് പ്രവാസികളുടെ കുടുംബങ്ങള്‍ക്കാണ് പത്ത് ലക്ഷം രൂപ വീതം വിതരണം ചെയ്തത്. പാണക്കാട് നടന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ തുക കൈമാറി.
കെഎംസിസി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ അറ്റമില്ലാത്ത കാരുണ്യക്കടലാണ്. പ്രവാസ ലോകത്ത് തളര്‍ന്നു പോകുന്നവരെയും അവരുടെ കുടുംബങ്ങളെയും ചേര്‍ത്ത് നിര്‍ത്തുന്നതില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി കാണിക്കുന്ന താല്‍പര്യം അനുകരണീയവും മാതൃകാപരവുമാണ്. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ കുടുംബ സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ നിന്ന് തന്നെ കോടിക്കണക്കിന് രൂപയുടെ സഹായം നല്‍കുവാന്‍ കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. വിവിധ രോഗങ്ങള്‍ക്കുള്ള ചികിത്സ ചെലവിലേക്ക് ലക്ഷക്കണക്കിന് രൂപ സമയബന്ധിതമായി കൈമാറി.ഈ കഴിഞ്ഞ ദിവസമാണ് തണുത്ത് വിറച്ച ഉത്തരേന്ത്യയിലെ മനുഷ്യര്‍ക്ക് റിയാദില്‍ നിന്ന് മാത്രം മൂവായിരം പുതപ്പുകള്‍ വിതരണം ചെയ്തത്. ഇതിന് വേണ്ടി ഒന്‍പത് ലക്ഷത്തോളം രൂപയാണ് ചിലവഴിച്ചത്. ഒരോ കെഎംസിസി ഘടകങ്ങളും ഇത് പോലെ പാവങ്ങളെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. മുസ്‌ലിം ലീഗിന്റെ വലിയ ജനസ്വാധീനത്തിന് പിറകില്‍ കെഎംസിസി നിര്‍വ്വഹിക്കുന്ന പങ്ക് സ്മരണീയമാണെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.
ഒരോ വര്‍ഷവും പദ്ധതിയില്‍ ചേരുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. വ്യവസ്ഥാപിതവും സുതാര്യവുമായ രീതിയില്‍ നടന്നുവരുന്ന പദ്ധതിയിലെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ സെന്‍ട്രല്‍ കമ്മിറ്റിയുടെ പരിഗണനയിലുണ്ടെന്ന് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫയും ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങരയും അറിയിച്ചു.
ചടങ്ങില്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സാമൂഹ്യ കുടുംബ സുരക്ഷ പദ്ധതി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അസീസ് വെങ്കിട്ട, പി സി മജീദ്, നജീബ് നല്ലാങ്കണ്ടി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, കോഴിക്കോട് ജില്ല കെഎംസിസി പ്രസിഡന്റ് സുഹൈല്‍ അമ്പലക്കണ്ടി, സെക്രട്ടറിയേറ്റംഗങ്ങളായ റസാഖ് വളക്കൈ, റാഷിദ് ദയ, നൗഷാദ് ചാക്കീരി, വിവിധ ഘടകങ്ങളിലെ കെഎംസിസി നേതാക്കളായ സൈദ് മീഞ്ചന്ത, റഷീദ് മണ്ണാര്‍ക്കാട്, റാഫി പയ്യാനക്കല്‍, ഹമീദ് ക്ലാരി, എം എന്‍ അബൂബക്കര്‍, മെമി മാങ്കടവ് ജാഫര്‍ സ്വാദിഖ് തളിപ്പറമ്പ്, ഇബ്രാഹിം കായലം, ഗഫൂര്‍ ചാലിയം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.



