ബ്രസ്സൽസ് – (ബെൽജിയം)- സിറിയക്ക് മേലുള്ള സാമ്പത്തിക ഉപരോധം പിൻവലിക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. സൗദി അറേബ്യക്കും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമുള്ള മറ്റൊരു നയതന്ത്ര വിജയമാണിത്. സിറിയക്ക് മേലുള്ള മുഴുവൻ സാമ്പത്തിക ഉപരോധങ്ങളും പിൻവലിക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. സിറിയൻ ബാങ്കുകൾക്ക് മേലുള്ള ഉപരോധങ്ങൾ പിൻവലിക്കാൻ യൂറോപ്യൻ യൂണിയൻ അനുമതി നൽകിയതായി നയതന്ത്രജ്ഞർ പറഞ്ഞു.
യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ ഈ നീക്കത്തിനായി പ്രാഥമിക കരാറിൽ ഒപ്പുവച്ചു, ഇത് പിന്നീട് ബ്രസ്സൽസിൽ നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഔദ്യോഗികമായി അംഗീകരിക്കും. സിറിയയ്‌ക്കെതിരായ ഉപരോധങ്ങൾ പിൻവലിക്കുന്നതായി കഴിഞ്ഞ ആഴ്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷമാണ് യൂറോപ്യൻ യൂണിയനിൽ നിന്നുള്ള തീരുമാനം.
സിറിയക്ക് നേരെ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കണമെന്ന് ബഷാറുൽ അസദിനെ മാറ്റി രൂപീകരിച്ച പുതിയ സർക്കാർ നിരന്തരം ആവശ്യപ്പെടുകയായിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ആവശ്യപ്രകാരം സിറിയക്ക് എതിരായ ഉപരോധം പിൻവലിക്കുകയാണെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച നടത്തിയ സൗദി സന്ദർശനത്തിലാണ് അറിയിച്ചത്. അതേസമയം അസദ് ഭരണകൂടത്തെ ലക്ഷ്യമിട്ടുള്ള മറ്റ് നടപടികളും സിവിലിയന്മാരെ അടിച്ചമർത്താൻ ഉപയോഗിക്കാവുന്ന ആയുധങ്ങളോ ഉപകരണങ്ങളോ വിൽക്കുന്നത് നിരോധിക്കുന്നതും തുടരും.