ലണ്ടന്‍: ഇംഗ്ലണ്ട് ഫുള്‍ ബാക്ക് കീറന്‍ ട്രിപ്പിയര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 33 കാരനായ താരം ന്യൂകാസില്‍ യുനൈറ്റഡിന് വേണ്ടിയാണ് കളിക്കുന്നത്. ക്ലബ്ബ് ഫുട്‌ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്ന് താരം അറിയിച്ചു. ദേശീയ ടീമിനൊപ്പമുള്ള തന്റെ കരിയര്‍ അവസാനിപ്പിക്കുന്നുവെന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അടുത്തിടെ നടന്ന യൂറോ കപ്പിലും താരം കളിച്ചിരുന്നു.
ഇംഗ്ലണ്ടിനായി 54 മല്‍സരങ്ങള്‍ കളിച്ച ട്രിപ്പിയര്‍ ഒരു ഗോളാണ് നേടിയത്. 2018 ലോകകപ്പില്‍ ക്രൊയേഷ്യയ്‌ക്കെതിരേ നേടിയ ഫ്രീകിക്ക് ഏറെ പ്രശ്‌സ്തമായിരുന്നു.ഇംഗ്ലണ്ടിനായുള്ള താരത്തിന്റെ പ്രകടനം ഏറെ മികച്ചതായിരുന്നു. അടുത്തിടെ വിരമിച്ച കോച്ച് സൗത്ത് ഗേറ്റിന് കീഴില്‍ താരം നാല് അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റുകളില്‍ കളിച്ചിരുന്നു.
2017ലായിരുന്നു അരങ്ങേറ്റം. ഇംഗ്ലണ്ടിനൊപ്പം രണ്ട് യൂറോ ഫൈനലിലും ഒരു ലോകകപ്പ് സെമിഫൈനലിലും കളിച്ചതാണ് ട്രിപ്പിയറിന്റെ പ്രധാന നേട്ടം. ഇക്കഴിഞ്ഞ യൂറോ കപ്പിലാണ് അവസാനമായി കളിച്ചത്. എന്നാല്‍ ഫൈനലില്‍ താരത്തിന് പകരം ലൂക്ക് ഷായെയാണ് സൗത്ത് ഗേറ്റ് ഇറക്കിയത്. സഹകളിക്കാരോടും സൗത്ത് ഗേറ്റിനോട് ആരാധകരോടും നന്ദി പറഞ്ഞാണ് ട്രിപ്പിയര്‍ വാക്കുകള്‍ ഉപസംഹരിച്ചത്.