തെരഞ്ഞെടുപ്പ് കാലം മുദ്രാവാക്യങ്ങളുടെയും കാലം. പക്ഷേ ഇപ്പോഴത്തെ മുദ്രാവാക്യങ്ങൾക്ക് ആ പഴയ മുദ്രാവാക്യങ്ങളുടെ പ്രാസഭംഗിയും കരുത്തുമുണ്ടോ എന്ന് സംശയം. ഓർമ്മയുടെ വോട്ടുപെട്ടി തുറന്നപ്പോൾ കിട്ടിയ അസാധുവാകാത്ത ചില മുദ്രാവാക്യങ്ങൾ: ഞാൻ ലോവർ പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ കേട്ടതും ഞങ്ങൾ കുട്ടികൾ ഏറ്റുവിളിച്ചതുമായ രണ്ടു മുദ്രാവാക്യങ്ങൾ കേൾക്കൂ –
- കെ.പി. തങ്ങൾടെ പോത്തിറച്ചി മങ്കട കുടുക്കീ വേവൂല..
(പട്ടാമ്പി ആലൂർ പൂക്കുഞ്ഞിക്കോയ തങ്ങളുടെ കുടുംബത്തിൽപ്പെട്ട കെ.പി. തങ്ങൾ മങ്കട നിയോജകമണ്ഡലത്തിലെ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായിരുന്നു. അദ്ദേഹത്തെ എതിർത്ത മുസ്ലിംലീഗുകാർ വിളിച്ചതായിരുന്നു ഈ മുദ്രാവാക്യം. പ്രസിദ്ധമായ പട്ടാമ്പി നേർച്ച നടത്തിയിരുന്ന തങ്ങൾകുുടുംബത്തിൽ നിന്ന് വന്ന ഈ ‘സഖാവ് തങ്ങൾ ” അന്ന് മങ്കടയിൽ പ്രതീക്ഷിച്ചത് പോലെ പരാജയപ്പെട്ടു). - ആനക്കാരൻ ചേക്കുട്ടീ, ബാപ്പ പറഞ്ഞത് കേട്ടോടാ…
(മഞ്ചേരി ദ്വയായംഗമണ്ഡലത്തിൽ കമ്യൂണിസ്റ്റ് സ്വതന്ത്രനായി മൽസരിച്ച കെ.വി.എം ചേക്കുട്ടിഹാജിക്കെതിരെ ലീഗുകാർ വിളിച്ച മുദ്രാവാക്യം. ആനയായിരുന്നു ചേക്കുട്ടി ഹാജിയുടെ ചിഹ്നം. അദ്ദേഹത്തിന്റെ ബാപ്പ കെ.വി. മുഹമ്മദ് സാഹിബ് ലീഗുകാരനായിരുന്നു. ബാപ്പയെ ധിക്കരിച്ച് മൽസരിച്ച ചേക്കുട്ടിഹാജി, വിദ്യാഭ്യാസമന്ത്രിയായിരുന്ന പി.പി. ഉമർകോയയോട് പരാജയപ്പെട്ടു)
ബാല്യം കടന്ന് കൗമാരത്തിലെത്തിയപ്പോൾ കേട്ടതും പിന്നീട് വായിച്ച് രസിച്ചതുമായ മുദ്രാവാക്യങ്ങളിൽ ചിലത് കൂടി:
മുണ്ടശ്ശേരീടെ മണ്ടയിലെന്താ
ചകിരിച്ചോറോ ചാരായോ?
തണ്ടാ മണ്ടാ മുണ്ടശ്ശേര്യേ
വേണ്ടാ വേണ്ടാ തായാട്ടം.
പാളേക്കഞ്ഞി കുടിപ്പിക്കും
തമ്പ്രാനെന്നു വിളിപ്പിക്കും
ചാത്തൻ പൂട്ടാൻ പോകട്ടെ
ചാക്കോ നാട് ഭരിക്കട്ടെ( ഇതിൽ പറഞ്ഞ പി. കെ ചാത്തൻ മാസ്റ്റർ 1957 ലെ ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗമായിരുന്നു ).
മന്നം നാട് ഭരിക്കട്ടെ
എം.എൻ. തൂങ്ങിച്ചാകട്ടെ
ചേലാട്ടച്യുതമേനോനെ
ചെങ്കൊടി വിറ്റ…..
ചേലല്ലാപ്പണി ചെയ്താല്
അമ്മിണിയമ്മയെ കൂട്ടിനിരുത്തി
ചേലാട്ടേക്ക് മടങ്ങില്ല
എം.എനും തൊമ്മനും കമ്യൂണിസ്റ്റാണോ
അല്ലേ അല്ല – അല്ലേ അല്ല
ആരുണ്ടിവിടെ കമ്യൂണിസ്റ്റായി
ഇ.എം.എസ് – എ.കെ.ജി – സുന്ദരയ്യ സിന്ദാബാദ്–
ഇ.എം.എസിനെ കമ്യൂണിസ്റ്റാക്കിയ
എസ്.എ. ഡാങ്കെ സിന്ദാബാദ് (ഇത് സി. പി. ഐ ക്കാരുടെ മുദ്രാവാക്യമായിരുന്നു )
എൻ.ജി.ഒ യൂണിയന്റെ സ്ലോഗൻ കേട്ടു
സി.പിയെ വെട്ടിയ നാടാണത്രേ
സി.പിയെ വെട്ടിയ നാടാണെങ്കിൽ
സി.പിയെ വെട്ടിയതാരാണ്?
പത്മനാഭനും സക്കറിയയുമല്ല
എം.എൻ-ടി.വി-കെ.സി. ജോർജ്
വയലാർ സഖാക്കൾ സിന്ദാബാദ്….