കൊല്ലം-വിവാഹവാഗ്ദാനം ചെയ്തശേഷം യുവതിയെ നിരന്തര ലൈംഗിക പീഡനത്തിന് വിധേയയാക്കുകയും, പല തവണയായി 25 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ വാഴപ്പള്ളിക്കൽ ചരുവിൽ ലക്ഷം വീട്ടിൽ ഷൈൻ സിദ്ധീഖ് (34) ആണ് പിടിയിലായത്. കുമ്പഴയിലെ ദേശസാൽകൃത ബാങ്കിൽ താത്കാലിക ജീവനക്കാരനാണ്. ഭിന്നശേഷിക്കാരിയായ 40 കാരിയാണ് പീഡനത്തിനും തട്ടിപ്പിനും ഇരയായത്.
2021 ജൂലൈ മുതൽ 2022 ജനുവരി 16 വരെയുള്ള കാലയളവിൽ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലെ പല മുറികളിൽ വച്ച് പലതവണ പ്രതി യുവതിയെ പീഡിപ്പിച്ചു. കൂടാതെ 2024 ൽ തിരുവനന്തപുരത്ത് എത്തിച്ചും പീഡിപ്പിച്ചു. വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷമായിരുന്നു പീഡനം.
പത്തനംതിട്ട വനിതാ പോലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ, സംഭവസ്ഥലം തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ ബലാൽസംഗത്തിനും,തട്ടിപ്പിനും ഈമാസം 15 ന് തിരുവല്ല പോലീസ് കേസെടുത്തു. തുടർന്ന്, വിശദമായ അന്വേഷണം ആരംഭിച്ചു. യുവതിയുടെ വൈദ്യപരിശോധന പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടത്തിയിരുന്നു. പിന്നീട് കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രതിക്കുവേണ്ടി ഊർജ്ജിതമായ അന്വേഷണമാണ് നടത്തിയത്. ഭാര്യയുടെ നെടുമങ്ങാട് കുളവിക്കുളത്തുള്ള വീട്ടിൽ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പോലീസ് സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തിരുവല്ലയിലെത്തിച്ച് വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം, സാക്ഷിയെ കാണിച്ച് തിരിച്ചറിഞ്ഞു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
2024 ഓഗസ്റ്റ് മൂന്നിന് വൈകിട്ട് പട്ടം റോയൽ ഹോട്ടലിൽ യുവതിയെ എത്തിച്ചും ബലാൽസംഗം ചെയ്തതായി പ്രതി വെളിപ്പെടുത്തി. തുടർന്ന് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈൽ ഫോൺ, ബാങ്ക് എ ടി എം കാർഡുകൾ, പാൻ കാർഡ് എന്നിവ പിടിച്ചെടുത്തു, കോടതിയിൽ സമർപ്പിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.