ഡെൻവർ– അമേരിക്കയിലെ ഡെൻവർ വിമാനത്താവളത്തിൽ പറന്നുയരുന്നതിനിടെ വിമാനത്തിന് തീപിടിച്ച സംഭവത്തിൽ, യാത്രക്കാരെല്ലാം സുരക്ഷിതരെന്ന് അറിയിച്ച് അധികൃതർ. വിമാനത്തിൽ ഉണ്ടായിരുന്നത് 173 യാത്രക്കാരും ആറ് ജീവനക്കാരും ആയിരുന്നു. ഒരാൾക്ക് മാത്രമായിരുന്നു അപകടത്തിൽ പരിക്കേറ്റത്. എന്നാൽ പരിക്ക് നിസാരമാണെന്നും വിശദമായ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതർ പറഞ്ഞു.
ജൂലൈ 26 ശനിയാഴ്ച ഡെൻവറിൽ നിന്ന് മിയാമിയിലേക്ക് പോകേണ്ടിയിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിനാണ് തീപിടിച്ചത്. അപകടം ഉണ്ടായതിനെ തുടർന്ന് യാത്രക്കാരെ അടിയന്തര സ്ലൈഡുകളിലൂടെ ഒഴിപ്പിച്ചു. പറന്നുയരാൻ ഒരുങ്ങുന്നതിനിടെ വിമാനത്തിന്റെ ടയർ പൊട്ടുകയും തുടർന്ന് എഞ്ചിന്റെ ഭാഗത്തായി തീപിടിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് അടിയന്തിര സ്ലൈഡുകളിലൂടെ യാത്രക്കാരെ ഒഴിപ്പിച്ചത്.
ബോയിങ് 737 മോഡൽ വിമാനമായ അമേരിക്കൻ എയർലൈൻ ഫ്ലൈറ്റ് 3023 വിമാനം പറന്നുയരാൻ ഒരുങ്ങുവേ ടയർ പൊട്ടിയതാണ് അപകടത്തിലേക്ക് വഴിവെച്ചത്. തുടർന്ന് വിമാനം വേഗതകുറക്കുകയും റൺവേയിൽ നിർത്തുകയുമായിരുന്നു. തീയണക്കുന്നതിനായുള്ള ഡെൻവർ വിമാനത്താവളത്തിലെ അഗ്നിരക്ഷ വിഭാഗത്തിന്റെ കൃത്യമായ ഇടപെടലൽ മൂലമാണ് വൻദുരന്തം ഒഴിവായത്.
“എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്ന് ഇറക്കി, വിമാനം ഞങ്ങളുടെ മെയിന്റനൻസ് ടീം പരിശോധിക്കുന്നതിനായി റൺവേയിൽ നിന്ന് മാറ്റി,” എയർലൈൻസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. “ഞങ്ങളുടെ ടീം അംഗങ്ങളുടെ പ്രൊഫഷണലിസത്തിന് ഞങ്ങൾ നന്ദി പറയുന്നു, യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നു.” എന്നും എയർലൈൻസ് കൂട്ടിചേർത്തു.
ശേഷം മറ്റൊരു വിമാനത്തിൽ എല്ലാ യാത്രക്കാർക്കും യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കിയതായി അമേരിക്കൻ എയർലൈൻസ് അറിയിച്ചു. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യാത്രക്കാരെ വിമാനത്തിൽ നിന്ന് ഒഴിപ്പിക്കുമ്പോൾ പല യാത്രക്കാരും തങ്ങളുടെ സാധനങ്ങൾ എടുത്തതായി ശ്രദ്ധയിൽപെട്ടെന്നും ഇത് സുരക്ഷാ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും അധികൃതർ ആന്റണി ബ്രിക്ക്ഹൗസ് അഭിപ്രായപ്പെട്ടു.
“യാത്രക്കാരെ ഒഴിപ്പിക്കുന്ന വേളയിൽ ഓരോ നിമിഷവും വിലപ്പെട്ടതാണ്. നിങ്ങളുടെ മുന്നിലുള്ളതോ ഓവർഹെഡ് കമ്പാർട്ട്മെന്റിൽ നിന്നുള്ളതോ ആയ എന്തെങ്കിലും എടുക്കാൻ നിങ്ങൾ സമയം പാഴാക്കുകയാണ്, ആ സമയം ഒരു അപകടത്തിന് കാരണമായേക്കാം,” എംബ്രി-റിഡിൽ എയറോനോട്ടിക്കൽ യൂണിവേഴ്സിറ്റിയുടെ ഫോറൻസിക് ലാബിന്റെ ഡയറക്ടർ ആന്റണി ബ്രിക്ക്ഹൗസ് മുമ്പ് യുഎസ്എ ടുഡേയോട് പറഞ്ഞിരുന്നു. “ഇത് കുഴപ്പങ്ങൾ ഉണ്ടാക്കുകയും സ്ലൈഡിന് കേടുപാടുകൾ വരുത്തി പ്രവർത്തനരഹിതമാക്കുകയും ചെയ്യാം… ഏറ്റവും പ്രധാനപ്പെട്ട കാര്യം ആ വിമാനത്തിൽ നിന്ന് എത്രയും വേഗം സ്വയം പുറത്തുകടക്കുക എന്നതാണ്.” അദ്ദേഹം പറഞ്ഞു.