ദ ഹിന്ദു, സ്റ്റേറ്റ്‌സ്മാന്‍, പേട്രിയറ്റ്, ഡെക്കാന്‍ ഹെറാള്‍ഡ്, യു.എന്‍.ഐ, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളില്‍ നീണ്ട ഏഴു പതിറ്റാണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചൈതന്യധന്യമായ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ബി.ആര്‍.പിയുടെ ജീവിതം അനുഭവങ്ങളുടെ അലകടലാണ്. വാര്‍ത്തകളുടെ ക്ഷണിക കൗതുകങ്ങള്‍ക്കപ്പുറം, കരിയറിനെ കരുത്തുറ്റ നീതിബോധത്തിന്റേയും ഉറച്ച ആര്‍ജവത്തിന്റേയും പര്യായമാക്കിയ ബി.ആര്‍.പി ഭാസ്‌കര്‍ക്ക് സ്‌നേഹാഞ്ജലി
സത്യസന്ധമായ മാധ്യമപ്രവര്‍ത്തനത്തെ എങ്ങനെയൊരു പോരാട്ടംകൂടിയാക്കാമെന്ന് തെളിയിച്ച, ജീവിച്ചിരുന്ന 93 വര്‍ഷവും വാര്‍ത്തകളുടെ ലോകത്ത് സജീവമായിരുന്ന ബി.ആര്‍.പി ഭാസ്‌കറിന്റെ വിയോഗവാര്‍ത്ത തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ബഹളങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോയി. തന്റെ നിലപാടുകള്‍ വെളിപ്പെടുത്താന്‍ സോഷ്യല്‍മീഡിയയിലും മറ്റ് വേദികളിലും അന്ത്യം വരെ കര്‍മനിരതനായിരുന്നു ബാബു രാജേന്ദ്രപ്രസാദ് ഭാസ്‌കര്‍ എന്ന ബി.ആര്‍.പി ഭാസ്‌കര്‍.
അനീതി എവിടെയുണ്ടായാലും അതിനെതിരെ പേനകൊണ്ടും നാക്ക് കൊണ്ടും മാത്രമല്ല, തെരുവിലിറങ്ങി സ്വരമുയര്‍ത്തിയും ബി.ആര്‍.പി സമരമുഖം തുറന്ന ഈ മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് ന്യൂജെന്‍ മാധ്യമക്കാര്‍ക്ക് ഏറെ മാതൃകകളുണ്ട്.
അച്ഛന്‍ എ.കെ ഭാസ്‌കറുടെ സ്വാതന്ത്ര്യസമരപോരാട്ടത്തിന്റേയും പത്രപ്രവര്‍ത്തനത്തിന്റേയും ദ്വന്ദ്വഭാവങ്ങളുടെ പൈതൃകമാണ് ബി.ആര്‍.പിയെ ന്യൂസ്റൂമിനു വെളിയിലേക്കും അധാര്‍മികതയ്ക്കും അനീതിക്കുമെതിരായ പ്രക്ഷോഭങ്ങളുടെ പാതയിലേക്കുമെത്തിച്ചത്. ലോകമെങ്ങും വാര്‍ത്തകളുടെ ചിറകില്‍ സഞ്ചരിച്ച ബി.ആര്‍.പിയുടെ ജീവിതം ഒരു പാഠപുസ്‌കമാണ്. ബി.ആര്‍.പി പറയുന്നു: ഈ കാലഘട്ടത്തിലെ പത്രപ്രവര്‍ത്തകരുടെ കണ്ണില്‍ എന്റെ തലമുറയുടേത് മാധ്യമചരിത്രത്തിലെ ശിലായുഗമോ ദിനോസര്‍ യുഗമോ ആകാം.
പക്ഷേ, ശിലായുഗം എന്ന് അദ്ദേഹം വിശേഷിപ്പിച്ച ഒരു ഗതകാലത്തിന്റെ മാധ്യമപ്രവര്‍ത്തനമാകണം, ഇന്നത്തെക്കാള്‍ ഏറെ ത്രില്ലിംഗ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാലാതീതമായ ചില മൂല്യങ്ങളിലുള്ള വിശ്വാസമാണ് തന്റെ മാധ്യമപ്രവര്‍ത്തനത്തെ മുന്നോട്ടു കൊണ്ടു പോയത് എന്നും ബി.ആര്‍.പി എഴുതിയിട്ടുണ്ട്. സത്യം, ധര്‍മം, നീതി എന്നീ മൂന്നു കൊച്ചുവാക്കുകള്‍ക്കപ്പുറം വേറെയെന്ത് തത്ത്വമാണ് പത്രപ്രവര്‍ത്തനമൂല്യങ്ങളിലുള്ളത് എന്നും അദ്ദേഹം ചോദിക്കുന്നു.
വസ്തുതകളിലെ കൃത്യത, സൂക്ഷ്മമായ ചരിത്രബോധം, സുവ്യക്തമായ നിലപാട്, അവ ആവിഷ്‌കരിക്കാന്‍ ഉപയോഗിക്കുന്ന സമഗ്രവും സരളവുമായ ഭാഷ എന്നിവ ബി.ആര്‍.പിയുടെ സ്റ്റോറികളെ വേറിട്ടതാക്കി. ഏഷ്യാനെറ്റിലെ ‘പത്രവിശേഷം’ എന്ന മാധ്യമവിശകലനപരിപാടിയിലൂടെയാണ് ബി.ആര്‍.പി ഭാസ്‌കര്‍ എന്ന പേര് സാധാരണക്കാര്‍ക്ക് കൂടുതല്‍ പരിചിതമായത് എന്നു തോന്നുന്നു. കാതലുള്ള മാധ്യമ വിമര്‍ശനമായിരുന്നു ബി.ആര്‍.പിയുടേത്. തെറ്റുകളെ അക്കമിട്ട് വിമര്‍ശിക്കുമ്പോഴും അതിലടങ്ങിയ നന്മകള്‍ക ണ്ടെത്താനും അതുറക്കെ പറയാനും ബി.ആര്‍.പി പ്രത്യേക താല്‍പര്യം കാണിച്ചു. പുതിയ പ്രവണതകളെ സ്വാഗതം ചെയ്യാന്‍ എപ്പോഴും അദ്ദേഹം സന്നദ്ധനായിരുന്നു.
മനുഷ്യാവകാശപ്രശ്നങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത, വ്യക്തവും സുചിന്തിതവുമായ നിലപാടുകള്‍ പുലര്‍ത്തിയ ബി.ആര്‍.പി, ആ രംഗത്ത് തന്റെ പ്രവര്‍ത്തനങ്ങള്‍ എഴുത്തിലും പ്രഭാഷണത്തിലും മാത്രം ഒതുക്കിയില്ല. പത്രപ്രവര്‍ത്തകന്‍ ആക്ടിവിസ്റ്റ് കൂടിയാണെന്ന് അദ്ദേഹം തെളിയിച്ചു.
കേരളത്തില്‍ കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടിലുണ്ടായ പ്രധാനപ്പെട്ട എല്ലാ മനുഷ്യാവകാശ പോരാട്ടങ്ങളിലും ബി.ആര്‍.പിയുടെ നേതൃത്വവും സാന്നിധ്യവുമുണ്ടായിട്ടുണ്ട്. തനിക്കെതിരേയുള്ള ആക്ഷേപങ്ങളെയോ വിമര്‍ശനങ്ങളെയോ ശത്രുതാപരമായ മനോഭാവത്തോടെ കാണുന്നയാളല്ല ബി.ആര്‍.പി. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനും സ്വന്തം നിലപാട് വിശദീകരിക്കാനും ലഭിക്കുന്ന അവസരങ്ങള്‍ അദ്ദേഹം ഒഴിവാക്കാറുമില്ലായിരുന്നു.
ആരോഗ്യപരമായ സംവാദങ്ങളാണ് ജനാധിപത്യത്തിന്റെ മുഖമുദ്ര എന്ന് വിശ്വസിച്ചിതനാല്‍ അഭിപ്രായ വ്യത്യാസം പുലര്‍ത്തുന്നവരെ ആക്ഷേപിക്കാനോ ചെറുതാക്കാനോ ബി.ആര്‍.പി ശ്രമിച്ചില്ല. മാധ്യമപ്രവര്‍ത്തനത്തില്‍, മനുഷ്യാവകാശ സമരങ്ങളില്‍, ആശയ സംവാദങ്ങളില്‍, പരിഷ്‌കൃതമായ ജനാധിപത്യസംസ്‌കാരം പാലിക്കേണ്ടതിന്റെ ആവശ്യകത മലയാളിയെ നിരന്തരം ജാഗ്രതാപൂര്‍വം അനുസ്മരിപ്പിക്കുന്ന മാര്‍ഗദര്‍ശിയാണ് ബി.ആര്‍.പി ഭാസ്‌കറുടെ നിര്യാണത്തോടെ ഇല്ലാതായത്.
1952 ഫെബ്രുവരി 25 ന് മദ്രാസിലെ ഹിന്ദു ദിനപത്രത്തില്‍ എഡിറ്റോറിയല്‍ ട്രെയിനിയായാണ് അദ്ദേഹം പത്രപ്രവര്‍ത്തനത്തിന്റെ തുടക്കം കുറിച്ചത്. ഒരു വി.വി.ഐ.പി ചരമവാര്‍ത്തയില്‍നിന്നായിരുന്നു തുടക്കം. കൊളംബോയിലെ ഹിന്ദു ലേഖകന്‍ അയച്ച ഒരു ടെലഗ്രാം, അന്നത്തെ ന്യൂസ് എഡിറ്റര്‍, ബി.ആര്‍.പിയെ ഏല്‍പിച്ചു.
പ്രധാനമന്ത്രി സേനാനായകെ ഏത് നിമിഷവും മരിക്കാം. ചരമക്കുറിപ്പ് അയക്കുന്നു.
ശ്രീലങ്കയുടെ ആദ്യത്തെ പ്രധാനമന്ത്രി ഡോണ്‍ സ്റ്റീഫണ്‍ സേനാനായകെയാണ് കഥാപുരുഷന്‍. തലേന്ന് രാവിലെ പതിവ് സവാരിക്ക് പോയപ്പോള്‍ കുതിരപ്പുറത്ത് നിന്ന് വീണ അദ്ദേഹത്തിന്
ബോധം നഷ്ടപ്പെട്ടു. സ്ഥലത്തെ ഡോക്ടര്‍മാരും ആ സമയത്ത് കൊളംബോയിലുണ്ടായിരുന്ന ലോകാരോഗ്യ സംഘത്തിലെ വിദഗ്ധരും പ്രധാനമന്ത്രിയെ ചികില്‍സിച്ചു. ഇന്ത്യയും പാക്കിസ്ഥാനും ന്യൂറോ സര്‍ജന്മാരെ അയച്ചു. ബ്രിട്ടനും ഒരു വിദഗ്ധനെ അയക്കാന്‍
നിശ്ചയിച്ചു. പക്ഷെ പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബി.ആര്‍.പി ചരമവാര്‍ത്തയെഴുതിക്കൊടുത്ത് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോള്‍ പ്രധാനമന്ത്രിയുടെ നില അല്‍പം മെച്ചപ്പെട്ടുവെന്ന വിവരം കിട്ടി.
‘ആദ്യപണി വെള്ളത്തിലായി’ എന്നു കരുതിയിരിക്കെ, സേനാനായകെ മരിച്ചതായി വീണ്ടും ടെലഗ്രാമെത്തി. വാര്‍ത്തയെത്താന്‍ വൈകിയിരുന്നുവെങ്കിലും ‘ഹിന്ദു’ സ്‌കോര്‍ ചെയ്തു. ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ മരണവും തന്റെ ചെറുകുറിപ്പുമായി പത്രം പിറ്റേന്ന് വായനക്കാരുടെ കൈകളിലെത്തി. മറ്റു പ്രധാനപത്രങ്ങളിലൊന്നും വിശദമായ വാര്‍ത്തയില്ലായിരുന്നു. പിന്നീടങ്ങോട്ട് നിരവധി വാര്‍ത്തകളും ലേഖനങ്ങളും. അരവ്യാഴവട്ടം ഹിന്ദുവില്‍. ഹിന്ദുപത്രത്തില്‍ ആര്‍. നരസിംഹന്റെ നേതൃത്വത്തില്‍ ട്രേഡ് യൂണിയന്‍ നിലവില്‍ വന്നപ്പോള്‍ ബി.ആര്‍.പിയും സഹകരിച്ചു.
അത് പിന്നീട് ദ ഹിന്ദു പത്രത്തില്‍നിന്നുള്ള രാജിയില്‍ കലാശിച്ചു. രാജിവെക്കരുതെന്ന് ഹിന്ദു പത്രത്തിന്റെ ഉടമ കസ്തൂരി ശ്രീനിവാസന്‍ പറഞ്ഞെങ്കിലും 1958 ല്‍കേന്ദ്ര ഗവണ്‍മെന്റിന്റെ സ്കോളര്‍ഷിപ്പ് പ്രോഗ്രാമില്‍ പത്രപ്രവര്‍ത്തന പരിശീലനത്തിനായി ബി.ആര്‍.പി ഫിലിപ്പൈന്‍സിലേക്ക് പോയി. ഫിലിപ്പൈന്‍സില്‍ നിന്ന് മടങ്ങിയെത്തി ഡല്‍ഹി സ്റ്റേറ്റ്സ്മാനില്‍ നാലു വര്‍ഷം. തുടര്‍ന്ന് ഡല്‍ഹിയില്‍ പേട്രിയറ്റ് പത്രത്തില്‍. അരുണാ ആസഫലിയുടെ നേതൃത്വത്തിലുള്ള സി.പി.ഐ അനുകൂല പത്രമായ പേട്രിയറ്റില്‍, പ്രഗല്‍ഭനായ
എഡിറ്റര്‍ എടത്തട്ട നാരായണനോടൊപ്പമുള്ള മാധ്യമകാലം ഏറെ അനുഭവങ്ങളാണ് ബി.ആര്‍.പിക്ക് നല്‍കിയത്.
സോവിയറ്റാഭിമുഖ്യമുള്ള പേട്രിയറ്റിന്റെ രാഷ്ട്രീയ മുഖപ്രസംഗങ്ങള്‍ പലതും തലശ്ശേരിക്കാരനായ എടത്തട്ട തന്നെയെഴുതിയപ്പോള്‍ വിദ്യാഭ്യാസ അക്കാദമിക കാര്യങ്ങള്‍ സംബന്ധിച്ച ലീഡറുകളത്രയും ബി.ആര്‍.പിയാണെഴുതിയത്. ചമ്പല്‍ക്കാടുകളിലെ വിമാനാപകടം, ഗോവാ വിമോചനം തുടങ്ങിയ ബ്രേയ്ക്കിംഗ് സ്റ്റോറികളെല്ലാം പേട്രിയറ്റിനുലഭിച്ചത് ബി.ആര്‍.പിയുടെ ബന്ധം വഴിയായിരുന്നു. ഗോവയില്‍ പട്ടാളമിറങ്ങിയതിന്റെ എക്‌സ്‌ക്ലൂസീവ് വാര്‍ത്ത ആകസ്മികമായാണ് കിട്ടിയത്. നാട്ടിലേക്കുള്ള തീവണ്ടിയാത്രക്കിടെ മംഗലാപുരം സ്റ്റേഷനില്‍ വലിയ പട്ടാളസംഘത്തെ കണ്ട ബി.ആര്‍.പി, കൗതുകപൂര്‍വം അന്വേഷിച്ചപ്പോഴാണ് ഗോവാ ആക്ഷന്റെ സൂചന കിട്ടിയത്.
പേട്രിയറ്റിലേക്ക് ഫയല്‍ ചെയ്തസ്റ്റോറി, സ്‌കൂപ്പാവുകയും ചെയ്തു. രാഷ്ട്രീയകാര്യങ്ങള്‍ക്കാണ്, പത്രപ്രവര്‍ത്തനത്തെക്കാള്‍ പേട്രിയറ്റ് പ്രാധാന്യം നല്‍കുന്നതെന്ന് മനസ്സിലാക്കിയ ബി.ആര്‍.പി പേട്രിയറ്റ് വിടുകയും കുല്‍ദീപ് നയ്യാര്‍ ചെയര്‍മാനായ യു.എന്‍.ഐയില്‍ ചേരുകയും ചെയ്തു. ആദ്യം അഹമ്മദാബാദിലും തുടര്‍ന്ന് ഡല്‍ഹിയിലുമായി യു.എന്‍.ഐ കാലം ഏറെസംഭവബഹുലമായിരുന്നു. ഏജന്‍സി വാര്‍ത്തകളുടെ വിശ്വാസ്യത ഉറപ്പാക്കുകയെന്ന ഉത്തരവാദിത്തം സുഗമമായി നിറവേറ്റി. വാര്‍ത്ത എത്രയും പെട്ടെന്ന് കലക്ട് ചെയ്ത് വായനക്കാരിലെത്തിക്കുക ഇക്കാര്യത്തില്‍ ബി.ആര്‍.പി പലര്‍ക്കും മാതൃകയായി മാറി.
ബംഗ്ലാദേശില്‍ അവാമി ലീഗിന്റെ വിജയവും മുജീബുറഹ്മാന്റെ അഭിമുഖവും യു.എന്‍.ഐക്ക് ആദ്യം കിട്ടിയത് ബി.ആര്‍.പിയുടെ മിടുക്കായിരുന്നു. ഇന്ദിരാഗാന്ധി, മൊറാര്‍ജി, വാജ്പേയ് തുടങ്ങിയവരുമായെല്ലാം നല്ല സുഹൃദ്ബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. നീല്‍ ആംസ്ട്രോംഗ് ചന്ദ്രനില്‍ കാല്‍കുത്തിയ 1969 ജൂലൈ 21 ന് ബി.ആര്‍.പി യു.എന്‍.ഐയുടെ ഡല്‍ഹി ബ്യൂറോ ചീഫായിരുന്നു. പിറ്റേന്ന് ഇറങ്ങിയ എല്ലാ ഇംഗ്ലീഷ് പത്രങ്ങളും ബി.ആര്‍.പി എഴുതിയ യു.എന്‍.ഐ സ്റ്റോറിയാണ് നല്‍കിയത്. ഒന്നാം പേജിലെ ബാനര്‍ തലക്കെട്ട് ഇതായിരുന്നു:
ദ മൂണ്‍, ദ സീ ഓഫ് ട്രാന്‍ക്വിലിറ്റി ( ചന്ദ്രന്‍, ശാന്തിയുടെ കടല്‍).