തിരുമവനന്തപുരം– വഖഫ് നിയമഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിന് പിന്നാലെ മുനമ്പം സമരപ്പന്തലില്‍ നേരിട്ടെത്തി എന്‍.ഡി.എ നേതാക്കളായ രാജീവ് ചന്ദ്രശേഖറും തുഷാര്‍വെള്ളാപ്പള്ളിയും. ഭൂമിപ്രശ്‌നം നേരിടുന്ന 50 പേര്‍ക്ക് ബി.ജെ.പി അംഗത്വം നല്‍കി. ബി.ഡി.ജെ.എസിന്റെയും ബി.ജെ.പിയുടെയും പ്രവര്‍ത്തകര്‍ രണ്ട് നേതാക്കളെയും മുദ്രാവാക്യങ്ങളോടെ സ്വീകരിച്ചു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റായ രാജീവ് ചന്ദ്ര ശേഖര്‍ മുനമ്പം സമരസമിതിക്ക് അഭിനന്ദങ്ങള്‍ അറിയിച്ചു. കേരള രാഷ്ട്രീയത്തിലെ പ്രധാന ദിവസമാണ് ഇന്ന്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ കൈവിട്ട മുനമ്പത്തെ ഭൂമി സമരം ദേശീയ ശ്രദ്ധ നേടി. നിങ്ങള്‍ക്ക് നല്ല ഭാവിയുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞെന്നും രാജീവ് അവകാശപ്പെട്ടു. റവന്യൂ അവകാശം കിട്ടുന്നത് വരെ സമരക്കാരുടെ കൂടെ അദ്ദേഹം ഉണ്ടാകുമെന്ന് വാഗ്ദാനം നല്‍കി. വാക്ക് തന്നാല്‍ പാലിക്കുന്നയാളാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന് ക്രിസ്തുവിന്റെ അന്ത്യ അത്താഴം സമരസമിതി ഉപഹാരമായി നല്‍കി. പ്രധാനമന്ത്രിയോട് നേരിട്ട് നന്ദി പറയാന്‍ അവസരമൊരുക്കണമെന്ന് സമരക്കാര്‍ അദ്ദേഹത്തോട് ആവിശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സമയം ക്രമീകരിച്ച് കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുമെന്ന് രാജീവ് അവര്‍ക്ക് ഉറപ്പ് നല്‍കി.