ദുബൈ– ദുബൈയില്‍ ഭിക്ഷാടനത്തിന് അറസ്റ്റിലായ ഒരാള്‍ക്ക് മൂന്ന് ആഡംബര കാറുകളുള്ളതായി കണ്ടെത്തിയതായി ദുബൈ പോലീസ് ഇന്ന് വെളിപ്പെടുത്തി. പോലീസ് പിടിയിലായ മറ്റൊരു യാചകന്റെ പക്കല്‍ 25,000 ദിര്‍ഹത്തില്‍ കൂടുതല്‍ പണം കണ്ടെത്തി. പായയുടെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ചില യാചകര്‍ പൊതുജനങ്ങളുടെ സഹതാപം ഉപയോഗിച്ച് വലിയ പണം സമ്പാദിക്കുന്നതെങ്ങനെയെന്ന് ഈ കേസുകള്‍ എടുത്തുകാണിക്കുന്നതായി സസ്‌പെക്ട്‌സ് ആന്റ് ക്രിമിനല്‍ ഫിനോമിന ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി സാലിം അല്‍ശാംസി പറഞ്ഞു.
പള്ളികള്‍ക്കും റെസിഡന്‍ഷ്യല്‍ ഏരിയകള്‍ക്കും സമീപം ഭിക്ഷാടനം നടത്തുന്നതിനിടെ പിടിയിലായ ഏഷ്യന്‍ വംശജന്റെ പക്കല്‍ വിവിധ വിദേശ കറന്‍സികളിലായി ഏകദേശം 20,000 ദിര്‍ഹം പണമായി കണ്ടെത്തി. വഴിയാത്രക്കാരുടെ സഹതാപം പിടിച്ചുപറ്റാന്‍ തന്റെ രണ്ട് വയസ്സുള്ള കുഞ്ഞിനെയും കൊണ്ടാണ് ഇയാള്‍ ഭിക്ഷാടനം നടത്തിയിരുന്നത്. വിസിറ്റ് വിസയില്‍ രാജ്യത്ത് പ്രവേശിച്ച ഇയാള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്രയും തുക ഭിക്ഷാടനത്തിലൂടെ ശേഖരിച്ചത്. നിയമ ലംഘകനെ പിന്നീട് ദുബൈ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. മൂന്ന് ദിവസം മുമ്പ്, ദുബൈയിലെ ഒരു മാര്‍ക്കറ്റില്‍ മറ്റൊരു യാചകനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭാവനകള്‍ അഭ്യര്‍ഥിക്കാന്‍ മുന്നില്‍ ഒരു പായ വിരിച്ച നിലയില്‍ അയാള്‍ നിലത്ത് ഇരിക്കുകയായിരുന്നു. പരിശോധനയില്‍, പായയുടെ അടിയില്‍ ഒളിപ്പിച്ച നിലയില്‍ 25,000 ദിര്‍ഹം ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി ബ്രിഗേഡിയര്‍ അലി സാലിം അല്‍ശാംസി വ്യക്തമാക്കി.
കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന സംഘടിത ഭിക്ഷാടന പ്രതിഭാസം ശ്രദ്ധയില്‍ പെട്ടതായും ഇത്തരം സംഘങ്ങളില്‍ ഭൂരിഭാഗവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും അവര്‍ യാചകവൃത്തിക്ക് കുട്ടികളെ ചൂഷണം ചെയ്തതായും ക്രിമിനല്‍ ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിലെ ക്യാപ്റ്റന്‍ അമ്മാര്‍ താരിഖ് നേരത്തെ വെളിപ്പെടുത്തി. ചില കുട്ടികള്‍ 13 നും 14 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. ഇവരെ സ്‌കൂളില്‍ ചേര്‍ത്തിട്ടില്ല. അവര്‍ക്ക് ഒരു തരത്തിലുള്ള വിദ്യാഭ്യാസവും ലഭിച്ചിരുന്നില്ല. നിയമപരമായ താമസക്കാരായിരുന്നെങ്കിലും അവരുടെ മാതാപിതാക്കള്‍ രാവിലെ മുതല്‍ രാത്രി വരെ യാചിക്കാന്‍ നിര്‍ബന്ധിച്ചു. ഈ കുട്ടികളില്‍ ചിലര്‍ക്ക് സ്വന്തം പേരുകള്‍ പോലും എഴുതാന്‍ കഴിഞ്ഞില്ല. ഇത് അവര്‍ക്കെതിരെയുള്ള ഗുരുതരമായ അനീതിയാണ്. അവരെ പിടികൂടി യു.എ.ഇയില്‍ നിന്ന് നാടുകടത്തിയതായും അമ്മാര്‍ താരിഖ് പറഞ്ഞു.
ഇത്തരം പ്രവണതകള്‍ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. വികലാംഗര്‍ ഉള്‍പ്പെടെയുള്ള ചില കുടുംബങ്ങള്‍ ഭിക്ഷാടനം നടത്താനുള്ള ഉദ്ദേശ്യത്തോടെയാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നത്. പിടിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ യാചകന്‍ ഏഴ് വയസ്സുള്ള ബാലനാണ്. കുടുംബത്തോടൊപ്പമാണ് ബാലന്‍ ഭിക്ഷാടനം നടത്തിയിരുന്നതെന്നും ക്യാപ്റ്റന്‍ അമ്മാര്‍ താരിഖ് വിശദീകരിച്ചു.
യു.എ.ഇയില്‍ സംഘടിത ഭിക്ഷാടനത്തിന് 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ഭിക്ഷാടന കേസുകളില്‍ ഗണ്യമായ കുറവുണ്ടായതായി ക്യാപ്റ്റന്‍ അമ്മാര്‍ താരിഖ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏകദേശം 70 ശതമാനം കുറവുണ്ടായിട്ടുണ്ട്. പുണ്യമാസത്തിന്റെ ജീവകാരുണ്യ മനോഭാവം ദുരുപയോഗം ചെയ്യുന്ന തട്ടിപ്പുകാരുടെ വഞ്ചനയില്‍ കുടുങ്ങരുതെന്ന് താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് റമദാനിന് മുന്നോടിയായി ദുബായ് പോലീസ് വാര്‍ഷിക യാചന വിരുദ്ധ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായവരില്‍ 90 ശതമാനവും എളുപ്പത്തില്‍ പണം തേടി റമദാനില്‍ എത്തുന്ന സന്ദര്‍ശകരാണെന്നും യു.എ.ഇ ഉദാരതയുള്ള സമൂഹമാണെന്ന് അവര്‍ക്കറിയാമെന്നും ബ്രിഗേഡിയര്‍ അലി സാലിം അല്‍ശാംസി പറഞ്ഞു.
യാചകര്‍ ഏറ്റവും സജീവമായ പ്രദേശങ്ങളെ സോണുകളായി വിഭജിച്ച് പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ദുബൈ മുനിസിപ്പാലിറ്റി, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് – ദുബൈ, റോഡ്‌സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിന്‍ നടത്തുന്നത്. വിദേശത്ത് പള്ളികള്‍ പണിയുന്നതിനെ കുറിച്ചോ രോഗികളെയും വികലാംഗരെയും സഹായിക്കുന്നതിനെ കുറിച്ചോ ഉള്ള വ്യാജ അവകാശവാദങ്ങള്‍ ഉള്‍പ്പെടെ, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഓണ്‍ലൈന്‍ യാചനക്കും വ്യാജ സംഭാവന അപേക്ഷകള്‍ക്കും എതിരെ പോലീസ് മുന്നറിയിപ്പ് നല്‍കി. മിക്ക യാചകരും ഭിക്ഷാടനത്തെ അവരുടെ തൊഴിലായി കണക്കാക്കുന്നു. അവരോട് സഹതാപം കാണിക്കരുത്. പകരം, അംഗീകൃത ചാരിറ്റബിള്‍ സംഘടനകള്‍ വഴി സംഭാവന നല്‍കുകയെന്നും ബ്രിഗേഡിയര്‍ അലി സാലിം അല്‍ശാംസി പറഞ്ഞു.
2018 ലെ 9-ാം നമ്പര്‍ ഫെഡറല്‍ യാചന വിരുദ്ധ നിയമപ്രകാരം, യാചനയിലേര്‍പ്പെട്ട് പിടിക്കപ്പെടുന്ന ആര്‍ക്കും 5,000 ദിര്‍ഹം പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കും. സംഘടിത ഭിക്ഷാടന സംഘങ്ങള്‍ നടത്തുന്നവരും വിദേശത്ത് നിന്ന് യാചകരെ റിക്രൂട്ട് ചെയ്യുന്നവരും കുറഞ്ഞത് ആറ് മാസം തടവും 1,00,000 ദിര്‍ഹം മുതല്‍ പിഴയും അനുഭവിക്കേണ്ടിവരും. ദുബൈ പോലീസിന്റെ കോള്‍ സെന്റര്‍ 901, ദുബൈ പോലീസ് ആപ്പിലെ പോലീസ് ഐ സര്‍വീസ്, ഇ-ക്രൈം പ്ലാറ്റ്ഫോം എന്നിവയിലൂടെ യാചകരെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ താമസക്കാരോട് ദുബൈ പോലീസ് ആവശ്യപ്പെട്ടു. ഭിക്ഷാടനം ചെറുക്കാന്‍ സാമൂഹിക അവബോധം ആവശ്യമാണെന്നും അത്തരം രീതികള്‍ക്ക് കുട്ടികളെ ചൂഷണം ചെയ്യല്‍, വഞ്ചന എന്നിവയുള്‍പ്പെടെയുള്ള മറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടാകാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.



